പൂഞ്ഞാറിൽ എമർജ് എലൈറ്റ് ഹോസ്പിറ്റൽ ഉദ്ഘാടനം 14ന്
1513582
Thursday, February 13, 2025 12:03 AM IST
പൂഞ്ഞാർ: ആതുര സേവനരംഗത്ത് കൈത്താങ്ങാകാൻ എമർജ് എലൈറ്റ് ഹോസ്പിറ്റൽ 14ന് പൂഞ്ഞാറിൽ പ്രവർത്തനം ആരംഭിക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ വൈകുന്നേരം ആറിന് ഉദ്ഘാടനം നിർവഹിക്കും. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ അധ്യക്ഷത വഹിക്കും. എമർജൻസി ആവശ്യങ്ങൾക്കുള്ള ഡെങ്കി ബോട്ടുകളുടെ കൈമാറ്റം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ നിർവഹിക്കും. കിഡ്നി ട്രാൻസ്പ്ലാന്റേഷനുള്ള തുക ആന്റോ ആന്റണി എംപി കൈമാറും. പെരിങ്ങുളം നാട്ടുകൂട്ടം ചാരിറ്റബിൾ പാലിയേറ്റീവ് കെയർ ഉപകരണങ്ങൾ പൂഞ്ഞാർ പ്രാഥമികാരോഗ്യ കേന്ദ്രത്തിനു പി.സി. ജോർജ് കൈമാറും.
ജില്ലാ കളക്ടർ ജോൺ സാമുവൽ മഴമാപിനി വിതരണം നിർവഹിക്കും. തണൽ ചാരിറ്റബിൾ സൊസൈറ്റിയുടെ വായനശാലയ്ക്ക് പുസ്തകങ്ങൾ ജില്ലാ പഞ്ചായത്തംഗം ഷോൺ ജോർജ് കൈമാറും. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ, ശിവഗിരിമഠം ട്രഷറർ സ്വാമി ശാരദാനന്ദ, പൂഞ്ഞാർ സെന്റ് മേരീസ് ഫെറോന പള്ളി വികാരി ഫാ. തോമസ് പനയ്ക്കക്കുഴിയിൽ തുടങ്ങിയവർ പ്രസംഗിക്കും.
ആശാ വർക്കേഴ്സ്, ഹരിതകർമ സേനാംഗങ്ങൾ, അങ്കണവാടി ജീവനക്കാർ എന്നിവരെ ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ ആദരിക്കും. പൂഞ്ഞാർ ലയൺസ് ക്ലബ്ബിനുള്ള ഡയാലിസിസ് കിറ്റ് കോട്ടയം എസ്പി ഷാഹുൽ ഹമീദ് കൈമാറും. ഉദ്ഘാടനത്തോടനുബന്ധിച്ച് പൂഞ്ഞാർ വോളിബോൾ അക്കാദമിക്ക് കായിക ഉപകരണങ്ങൾ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു അത്യാലിൽ കൈമാറും.
പത്രസമ്മേളനത്തിൽ ആശുപത്രി ഡയറക്ടർമാരായ മിനർവ മോഹൻ, അജ്മൽ അബു, ജൂബിൻ കോശി, ടി. വിനോദ് എന്നിവർ പങ്കെടുത്തു.