കൈത്തോട് നികന്നുപോയതായി പരാതി
1576143
Wednesday, July 16, 2025 2:39 AM IST
കടുത്തുരുത്തി: സ്വകാര്യ വ്യക്തികളുടെ കൈവശമുണ്ടായിരുന്ന ഏക്കറുകണക്കിന് നെല്‍പ്പാടങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് മണ്ണിട്ട് നികത്തി റബര്നട്ടതോടെ പാടത്തിനു സമീപത്തുകൂടി ഒഴുകിയിരുന്ന കൈത്തോട് നികന്നു പോയതായി പരാതി. ഞീഴൂര്‍ പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ പാഴുത്തുരുത്തിലാണ് കൈത്തോട് നികന്നു പോയതായി പറയുന്നത്.
ഒന്നരക്കിലോമീറ്ററോളം നീളമുണ്ടായിരുന്ന കൈത്തോടിന്റെ തുടക്കം മുതലുള്ള മുക്കാല്‍ ഭാഗത്തോളം പൂര്‍ണമായും നികന്ന് സ്വകാര്യ വ്യക്തികളുടെ സ്ഥലത്തില്‍ ഉള്‍പ്പെട്ട നിലയിലാണെന്ന് പറയുന്നു.
വലിയതോടിന്റെ കുടിലിപ്പറമ്പ് കടവ് ഭാഗത്തേക്കു വന്നുചേരുന്ന കൈത്തോട് അഞ്ഞൂറ് മീറ്ററോളം ദൂരത്തില്‍ പഴയനിലയില്‍ത്തന്നെ അവശേഷിക്കുന്നുണ്ട്. നേരത്തേ വെള്ളം ഒഴുകിയിരുന്ന ഈ കൈത്തോട് നികന്നു പോയതിനാല്‍ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു പാരിസ്ഥിതിക പ്രതിസന്ധികള്‍ ഉണ്ടായിരിക്കുകയാണെന്ന് പറയുന്നു.
നികന്നുപോയ കൈത്തോട് പൂര്‍വസ്ഥിതിയിലാക്കണമെന്നാവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകനും ബിജെപി നേതാവുമായ പി.സി. രാജേഷ് നല്കിയ പരാതിയെത്തുടര്‍ന്ന് ഞീഴൂര്‍ വില്ലേജ് ഓഫീസറും ഉദ്യോഗസ്ഥരും സ്ഥലെത്തെത്തി പരിശോധനകള്‍ നടത്തി.