പുലിക്കെണി റെഡി: നിരീക്ഷണത്തിന് കാമറകളും 40 അംഗ സംഘവും
1576031
Tuesday, July 15, 2025 11:30 PM IST
മുക്കൂട്ടുതറ: കാൽപ്പാടുകൾ പുലിയുടേതോ കടുവയുടേതോ എന്നതിൽ സ്ഥിരീകരണമായി ല്ലെങ്കിലും കൂട് വയ്ക്കുന്നതിനു നടപടിക്രമങ്ങൾ തടസം നിന്നില്ല. അതുകൊണ്ടുതന്നെ വന്യജീവിയുടെ കാൽപ്പാടുകൾ കണ്ട് 24 മണിക്കൂറിനുള്ളിൽ ചാത്തൻതറ താന്നിക്കാപുഴയിലെ നെല്ലിശേരിപ്പാറ എക്സ്-സർവീസ് മെൻ റബർത്തോട്ടത്തിൽ വനംവകുപ്പിൽനിന്നു കൂടെത്തി. ഒപ്പം നിരീക്ഷണ കാമറകളും സ്ഥാപിച്ചു. നാട്ടുകാരുടെ സഹായത്തോടെ ഇന്നലെ ഉച്ചയ്ക്കാണ് കൂട് സ്ഥാപിച്ചത്. വാഹന സഞ്ചാര യോഗ്യമല്ലാത്ത വഴിയായതിനാൽ ഇരുമ്പിന്റെ വലിയ കൂട് ചുമന്ന് എത്തിക്കേണ്ടി വന്നു. കൂടിനുള്ളിൽ വന്യ ജീവിയെ ആകർഷിച്ചെത്തിക്കാൻ ഒരു വളർത്തുനായയെ കെട്ടിയിട്ടുണ്ട്.
പ്രമോദ് നാരായൺ എംഎൽഎ, വെച്ചൂച്ചിറ പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. വർക്കി, പഞ്ചായത്തംഗങ്ങൾ, വിവിധ രാഷ്ട്രീയകക്ഷി നേതാക്കൾ, നാട്ടുകാർ ഉൾപ്പെടെ നിരവധി പേരുടെ സാന്നിധ്യത്തിലാണ് കൂട് സ്ഥാപിച്ചത്. റാന്നി ഫോറസ്റ്റ് റേഞ്ച് ഓഫീസർ ബി.ആർ. ജയന്റെ നേതൃത്വത്തിൽ വനം വകുപ്പിലെ ദ്രുതകർമസേനാംഗങ്ങൾ ചേർന്നാണ് കൂട് വച്ചത്. കരികുളം, കണമല ഫോറസ്റ്റ് സ്റ്റേഷൻ ഉദ്യോഗസ്ഥർ, റാന്നി റാപ്പിഡ് റെസ്പോൺസ് ടീം എന്നിവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വെച്ചൂച്ചിറ പഞ്ചായത്തിന്റെ വിവിധ സ്ഥലങ്ങളിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് നിരവ്, നൂറേക്കാട്, നെല്ലിശേരപ്പാറ ഭാഗങ്ങളിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥ സംഘം ഇന്നലെ പരിശോധന നടത്തി. ഈ പ്രദേശങ്ങളിൽ പുലിയുടെ സാന്നിധ്യമുണ്ടെന്ന് വനം കുപ്പ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് റേഞ്ച് ഓഫീസർ ബി.ആർ. ജയൻ അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ആറോടെ ടാപ്പിംഗ് തൊഴിലാളി കക്കുടുമണ്ണ് സ്വദേശി രാജനാണ് ടാപ്പിംഗിനിടെ പുലിയെ കണ്ടത്.
അതേസമയം, പരിശോധനയിൽ കണ്ടെത്തിയ കാൽപ്പാടുകൾ 12 സെന്റിമീറ്ററോളം ഉള്ളതാണ്. പുലിയുടെ കാൽപ്പാടുകൾ പത്തുമുതൽ 12 സെന്റിമീറ്റർ വരെയാണെന്നും 12 സെന്റിമീറ്റർ മുതലുള്ള കാൽപ്പാടുകൾ കടുവയുടെ ആകാമെന്നും വനംവകുപ്പിൽ സംശയമുണ്ട്. പുലി ആണെങ്കിലും അതല്ല കടുവ ആണെങ്കിലും പ്രദേശം വിട്ട് ദൂരത്തേക്ക് പോയിട്ടില്ലെന്നാണ് നിഗമനം. റബർത്തോട്ടത്തിനടുത്താണ് പെരുന്തേനരുവിയുടെ സമീപപ്രദേശങ്ങളും വനവും.
പൊന്തക്കാടുകൾ
തെളിക്കും
മേഖലയിലെ പറമ്പുകളിലെയും തോട്ടങ്ങളിലെയും വളർന്നു നിൽക്കുന്ന പൊന്തക്കാടുകൾ അടിയന്തരമായി തെളിക്കാൻ ഇന്നലെ വെച്ചൂച്ചിറ പഞ്ചായത്ത് ഹാളിൽ ചേർന്ന ജാഗ്രതാ സമിതി യോഗത്തിൽ തീരുമാനമായി. കാട് വെട്ടാൻ സാമ്പത്തിക പ്രയാസമുള്ളവർ വിവരം അറിയിച്ചാൽ ജനകീയ സമിതി എത്തി കാട് തെളിക്കാനും യോഗത്തിൽ തീരുമാനമായി.
മേഖലയിൽ വനംവകുപ്പും ദ്രുതകർമസേനയും നിരീക്ഷണത്തിനുണ്ടാകുമെന്ന് ജാഗ്രതാസമിതി യോഗത്തിൽ പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. വനംവകുപ്പിൽനിന്നുള്ള 40 അംഗ സംഘം നാല് ടീമുകളായി നിരീക്ഷണം നടത്തുമെന്ന് യോഗത്തിൽ പങ്കെടുത്ത റേഞ്ച് ഓഫീസർ ബി.ആർ. ജയൻ അറിയിച്ചു. ഓരോ ടീമിലും പത്ത് പേർ വീതമുണ്ടാകും. വനപാലകർക്ക് പുറമേ പരിശീലനം നേടിയ ആർആർടി അംഗങ്ങൾ ടീമിലുണ്ട്. രാത്രിയിൽ പട്രോളിംഗ് ഉണ്ടാകും. രാത്രിയിൽ പുറത്തിറങ്ങരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനും യോഗം തീരുമാനിച്ചു.
സംശയകരമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ജാഗ്രതാസമിതിയെ അപ്പോൾ തന്നെ അറിയിക്കണമെന്നും ഭയപ്പെടാതെ ജാഗ്രത പാലിക്കണമെന്നും യോഗത്തിൽ അധ്യക്ഷത വഹിച്ച പഞ്ചായത്ത് പ്രസിഡന്റ് ഇ.വി. വർക്കി പറഞ്ഞു. ബ്ലോക്ക് മെംബർ നിഷ അലക്സ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.ജെ. ജോസഫ്, സിപിഎം ലോക്കൽ സെക്രട്ടറി ജോജി തുടങ്ങിയവർ പ്രസംഗിച്ചു.