മൊബൈൽ ഫോൺ അപഹരിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ
1576145
Wednesday, July 16, 2025 2:39 AM IST
തലയോലപ്പറമ്പ്: ബസ് ഇറങ്ങി വീട്ടിലേക്ക് പോകുന്നതിനിടയിൽ ബൈക്കിലെത്തിയ മോഷ്ടാക്കൾ യുവാവിന്റെ മൊബൈൽ ഫോൺ അപഹരിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. മോഷ്ടിച്ച ഫോണിൽ സിം കാർഡിട്ട് ഉപയോഗിച്ച ആളെയാണ് പോലീസ് പിടികൂടിയത്.
ആലപ്പുഴ അരൂർ പുത്തനങ്ങാടി അരച്ചപ്പറമ്പിൽ സേതുരാജി (55)നെയാണ് തലയോലപ്പറമ്പ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബർ പത്തിന് രാത്രി 10.30ന് തലപ്പാറ ബസ്സ്റ്റോപ്പിന് സമീപമായിരുന്നു സംഭവം. കാരിക്കോട് നരിക്കുഴിപ്പടിക്കൽ ജിഷ്ണുവിന്റെ മൊബൈൽ ഫോണാണ് ബൈക്കിലെത്തിയ രണ്ടംഗസംഘം അപഹരിച്ച് രക്ഷപ്പെട്ടത്.
എറണാകുളത്ത് സ്വകാര്യ കമ്പനി ജീവനക്കാരനായ ജിഷ്ണു ജോലി കഴിഞ്ഞ് തലപ്പാറ ജംഗ്ഷനിൽ ബസ് ഇറങ്ങിയശേഷം ബൈക്ക് ഇരിക്കുന്നിടത്തേക്ക് നടന്നു പോകുന്നതിനിടെയായിരുന്നു മൊബൈൽ ഫോൺ അപഹരിക്കപ്പെട്ടത്. ബൈക്കിലെത്തിയ യുവാക്കൾ ആശുപത്രി ആവശ്യത്തിനായി ഫോൺ ചെയ്യുന്നതിനായി ജിഷ്ണുവിന്റെ മൊബൈൽ ഫോൺ ആവശ്യപ്പെടുകയായിരുന്നു. ഇവർ പറഞ്ഞ നമ്പർ ഫോണിൽ ഡയൽ ചെയ്യുന്നതിനിടെ ബൈക്കിന്റെ പിന്നിലിരുന്ന യുവാവ് ജിഷ്ണുവിന്റെ കൈയിൽനിന്നും ഫോൺ തട്ടിപ്പറിച്ച് വേഗത്തിൽ ഓടിച്ച് പോകുകയായിരുന്നു. തുടർന്ന് ജിഷ്ണു തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു.
പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചശേഷം കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആലപ്പുഴ സ്വദേശിയായ സേതുരാജിന്റെ സിം കാർഡ് മോഷണം പോയ ഫോണിലിട്ട് ഉപയോഗിച്ചതായി പോലിസ് കണ്ടെത്തി ഇയാളെ പിടികൂടിയത്.
മോഷ്ടിച്ച ഫോണിൽ ആരാണ് തന്റെ സിം കാർഡ് ഇട്ടതെന്ന് പറയാതെ വന്നതോടെയാണ് മോഷ്ടാവിനെ സംരക്ഷിക്കുന്ന കുറ്റം ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമൻഡ് ചെയ്തു.