ചങ്ങനാശേരിയിലെ വെറ്ററിനറി മൊബൈല്‍ യൂണിറ്റ് സേവനം ഗുണകരമാകുന്നു
1576141
Wednesday, July 16, 2025 2:39 AM IST
ചങ്ങനാശേരി: കേരള സര്‍ക്കാര്‍ മൃഗസംരക്ഷണ വകുപ്പ് റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ചങ്ങനാശേരി ഗവൺമെന്റ് വെറ്ററിനറി പോളിക്ലിനിക് കേന്ദ്രീകരിച്ച് ആരംഭിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ സേവനം മൃഗങ്ങളുടെ ഉടമകള്‍ക്കു ഗുണകരമാകുന്നു.
കഴിഞ്ഞ മേയ് 30 മുതലാണ് ചങ്ങനാശേരിയിലെ മൊബൈല്‍ വെറ്ററിനറി യൂണിറ്റിന്റെ പ്രവര്‍ത്തനം മാടപ്പള്ളി, പാമ്പാടി ബ്ലോക്ക് പഞ്ചായത്തുകളില്‍ക്കൂടി ലഭ്യമാക്കിയത്. അതേസമയം, വൈകുന്നേരം ആറുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെയായിരുന്ന യൂണിറ്റിന്റെ പ്രവര്‍ത്തനം ഇന്നലെ മുതല്‍ വൈകുന്നേരം നാലുമുതല്‍ രാത്രി 12 വരെയാക്കി വെട്ടിക്കുറച്ചിട്ടുണ്ട്.
വെറ്ററിനറി ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ മുഴുവന്‍ മൊബൈല്‍ യൂണിറ്റിന്റെയും പ്രവര്‍ത്തനസമയം വൈകുന്നേരം നാലുമുതല്‍ രാത്രി 12 വരെയാക്കിയിട്ടുണ്ട്.
1962 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ചാല്‍ മൊബൈല്‍ യൂണിറ്റിന്റെ സേവനം ലഭ്യമാകും. വാഹനത്തില്‍ സജ്ജമാക്കിയിരിക്കുന്ന ക്യുആര്‍ കോഡ് വഴി കര്‍ഷകര്‍ക്ക് നേരിട്ട് ഫീസ് അടയ്ക്കാവുന്നതാണ്. ഒരു ഡോക്ടറും ഡ്രൈവര്‍ കം അറ്റന്‍ഡറും ഉള്‍പ്പെടുന്നതാണ് യൂണിറ്റ്.