കൈക്കൂലി: ഈരാറ്റുപേട്ട നഗരസഭയിലെ തേർഡ് ഗ്രേഡ് ഓവർസിയർ പിടിയിൽ
1576069
Tuesday, July 15, 2025 11:45 PM IST
ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയിൽ കൈക്കൂലി വാങ്ങിയ തേർഡ് ഗ്രേഡ് ഓവർസിയർ പിടിയിലായി. പി.ജി. ജയേഷ് ആണ് വിജിലൻസിന്റെ പിടിയിലായത്. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട അനുമതിക്കായി 3,000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു വിജിലൻസിന്റെ പിടിവീണത്.
വിജിലൻസ് എസ്പി ആർ. ബിനുവിന്റെ നിർദേശപ്രകാരം ഡിവൈഎസ്പി പി.വി. മനോജ് കുമാർ, സിഐ മനു വി. നായർ എന്നിവരുൾപ്പെട്ട സംഘമാണ് ജയേഷിനെ പിടികൂടിയത്. കെട്ടിട പെർമിറ്റിനായി ഒരു വ്യക്തിയോട് ഇയാൾ 3,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.
ഈ തുക ജയേഷിന്റെ സുഹൃത്തായ ദിലീപിന്റെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ ചെയ്യാനും ആവശ്യപ്പെട്ടു.
തുടർന്ന് വിവരം പരാതിക്കാരൻ കോട്ടയം വിജിലൻസ് വിഭാഗത്തെ അറിയിക്കുകയായിരുന്നു. വിജിലൻസ് സംഘം ഇന്നലെ ഉച്ചകഴിഞ്ഞ് എത്തി ജയേഷനെ പിടികൂടുകയായിരുന്നു.