ഒരു മാസത്തിനിടെ നട്ടത് ഒരു ലക്ഷം തൈകള്‍
1576072
Tuesday, July 15, 2025 11:45 PM IST
കോട്ടയം: ആഗോള പരിസ്ഥിതി ദിനത്തില്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ കാമ്പയിന് ഒരു മാസം പിന്നിടുമ്പോള്‍ ജില്ലയില്‍ ഇതുവരെ നട്ടുപിടിപ്പിച്ചത് 1,01,148 വൃക്ഷത്തൈകള്‍. നാലുമാസം നീണ്ടുനില്‍ക്കുന്ന കാമ്പയിനില്‍ സംസ്ഥാനത്ത് ഒരു കോടി വൃക്ഷത്തൈകളും ജില്ലയില്‍ ഏഴര ലക്ഷം തൈകളും വച്ചുപിടിപ്പിക്കുകയാണ് ലക്ഷ്യം.
ഹരിതകേരളം മിഷന്റെ ഏകോപനത്തില്‍ സാമൂഹ്യ വനവത്കരണവകുപ്പ്, ദേശീയ തൊഴിലുറപ്പ് പദ്ധതി, കുടുംബശ്രീ, ഹരിതകര്‍മസേന തുടങ്ങിയവയുടെ സഹകരണത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കിയ ചങ്ങാതിക്കൊരു മരം കാമ്പയിനിലൂടെ പൊതുവിദ്യാലയങ്ങളിൽ ഇതുവരെ 60,600 തൈകളാണ് കുട്ടികള്‍ പരസ്പരം കൈമാറിയത്.
ഇവ വീട്ടുപരിസരങ്ങളില്‍ സൗഹൃദ മരങ്ങളായി വളരും. കുട്ടികള്‍ തൈകളുടെ വളര്‍ച്ചാഘട്ടങ്ങള്‍ ഡയറിയില്‍ എഴുതി ക്ലാസുകളില്‍ വായിച്ച് അവതരിപ്പിക്കും. അണ്-എയ്ഡഡ് സ്കൂളുകളില്‍ ആരംഭിച്ച കാമ്പയിനിന്റെ ഭാഗമായി നടുന്ന തൈകള്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ സഹായത്തോടെ ജിയോ ടാഗ് ചെയ്യുന്ന പ്രവര്‍ത്തനവും ആരംഭിക്കും.
ഇതിനായി തയാറാക്കിയ പോര്‍ട്ടലില്‍നിന്ന് ട്രീ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാം. ആറുമാസത്തിലൊരിക്കല്‍ എന്‍ജിനിയറിംഗ് കോളജുകളിലെ എന്‍എസ്എസ് വോളണ്ടിയര്‍മാര്‍ സസ്യത്തിന്റെ വളര്‍ച്ച പോര്‍ട്ടലില്‍ പുതുക്കും. ആദ്യഘട്ടത്തില്‍ 10 ശതമാനം വൃക്ഷത്തൈകളാണ് ജിയോ ടാഗ് ചെയ്യുക.