പാലാ ജനറല്‍ ആശുപത്രിയില്‍ കൃത്രിമ അവയവ നിര്‍മാണകേന്ദ്രം തുറന്നു
1576015
Tuesday, July 15, 2025 10:32 PM IST
പാലാ: കെ.എം. മാണി സ്മാരക ഗവ. ജനറല്‍ ആശുപത്രിയില്‍ കൃത്രിമ അവയവ നിര്‍മാണകേന്ദ്രം തുറന്നു. ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഫിസിക്കല്‍ മെഡിസിന് ആൻഡ് റീഹാബിലിറ്റേഷന്‍ ചികിത്സാ വിഭാഗത്തിന്റെ ഭാഗമായാണ് ആര്‍ട്ടിഫിഷ്യല്‍ ലിംമ്പ് ഫിറ്റിംഗ് യൂണിറ്റ് പ്രവര്‍ത്തനം ആരംഭിച്ചത്. നിലവില്‍ ഫിസിയോതെറാപ്പി വിഭാഗവും സ്പീച്ച് ആൻഡ് ഓഡിയോളജി വിഭാഗവും ഇതിനോടനുബന്ധിച്ച് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
25 ലക്ഷം രൂപയുടെ ഉപകരണങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നതെന്നും സംസ്ഥാനത്തെ പത്താമത് കൃത്രിമ അവയവ നിര്‍മാണകേന്ദ്രമാണ് ഇവിടെ പ്രവര്‍ത്തനം അംഭിച്ചിരിക്കുന്നതെന്നും ആശുപത്രി സൂപ്രണ്ടും ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറുമായ ഡോ. ടി.പി. അഭിലാഷ് പറഞ്ഞു. രണ്ട് ടെക്നീഷ്യന്മാരുടെ സേവനവും ഇവിടെ ക്രമീകരിച്ചിട്ടുണ്ട്.
നഗരസഭാ ചെയര്മാന് തോമസ് പീറ്റര്‍ ഉദ്ഘാടനം ചെയ്തു. സൂപ്രണ്ട് ഡോ. ടി.പി. അഭിലാഷ് അധ്യക്ഷത വഹിച്ചു. വൈസ് ചെയര്‍പേഴ്സണ്‍ ബിജി ജോജോ, കൗണ്‍സിലര്‍മാരായ സാവിയോ കാവുകാട്ട്, ആന്റോ പടിഞ്ഞാറെക്കര, ജോസിന് ബിനോ, ഷാജു തുരുത്തന്, മായാ പ്രദീപ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ബിജു പാലൂപ്പടവന്, ഷാര്‍ളി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
നഗരസഭാ പദ്ധതി വിഹിതത്തില്‍നിന്നു 14 ലക്ഷം രൂപ വകയിരുത്തിയാണ് ഈ കേന്ദ്രത്തിനായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയത്.