രാമായണ മാസാചരണം: മുന്നൊരുക്കങ്ങള്‍ നടത്തി
1576138
Wednesday, July 16, 2025 2:39 AM IST
പെരുവ: രാമായണ മാസാചരണത്തിന്റെ ഭാഗമായി നടക്കുന്ന നാലമ്പല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ മുളക്കുളം ശ്രീലക്ഷ്മണ സ്വാമീക്ഷേത്രത്തില്‍ പൂര്‍ത്തിയായി.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ഷേത്രോപദേശക സമിതിയും എറണാകുളം ജില്ലാ നാലമ്പല തീര്‍ഥയാത്ര സമിതിയുമായി സഹകരിച്ചാണ് ദശരഥി ക്ഷേത്രങ്ങളിലൊന്നായ മുളക്കുളം ശ്രീലക്ഷ്മണസ്വാമീ ക്ഷേത്രത്തില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നത്. ക്ഷേത്രത്തില്‍ നാലമ്പല തീര്‍ഥാടന സമിതിയും രൂപവത്കരിച്ചിട്ടുണ്ട്.
നാലമ്പല തീര്‍ഥാടനത്തിന്റെ ഉദ്ഘാടനം ഇന്നു രാമമംഗലം മാമലശേരി ശ്രീരാമസ്വാമീ ക്ഷേത്രത്തില്‍ നടക്കും. വൈകുന്നേരം ആറിന് നടക്കുന്ന സമ്മേളനം ശബരിമല അയ്യപ്പസേവാസമാജം പ്രസിഡന്റ് പുണര്‍തം തിരുനാള്‍ നാരായണവര്‍മ ഉദ്ഘാടനം ചെയ്യും. നാലമ്പലസമിതി പ്രസിഡന്റ് എന്‍. രഘുനാഥ് അധ്യക്ഷത വഹിക്കും. മുന്‍ ഡിജിപി അലക്സാണ്ടര്‍ ജേക്കബ്, വിവിധ ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
17 മുതല്‍ ഓഗസ്റ്റ് 16 വരെയാണ് നാലമ്പലദര്ശനവും രാമായണമാസാചരണവും. തീര്‍ഥാടനകാലത്ത് രാവിലെ മുതല്‍ ക്ഷേത്രത്തിലെത്തുന്ന ഭക്തര്‍ക്ക് ക്ഷേത്രോപദേശക സമിതി അന്നദാനവും നല്‍കും. നാലമ്പല ദര്‍ശനത്തിനായി വിവിധ ഡിപ്പോകളില്‍നിന്ന് ഭക്തരുടെ ആവശ്യാനുസരണം സര്‍വീസുകള്‍ നടത്താനുള്ള ക്രമീകരണം കെഎസ്ആര്‍ടിസിയും ഒരുക്കിയിട്ടുണ്ടെന്ന് നാലമ്പല സമിതി ഭാരവാഹികള്‍ അറിയിച്ചു.