വയോധികനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
1494179
Friday, January 10, 2025 7:22 AM IST
ചങ്ങനാശേരി: വയോധികനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെത്തിപ്പുഴ രണ്ടുകുഴിച്ചിറ ഭാഗത്ത് തൈപ്പറമ്പില്‍ ടി.കെ. വിനീഷി(35)നെയാണ് ചങ്ങനാശേരി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ചങ്ങനാശേരി ബിവറേജ് ഷോപ്പിന് സമീപം വച്ച് ഇയാള്‍ ഒരു സ്ത്രീയെ മര്‍ദിക്കുന്നത് കണ്ട വയോധികന് ഇതു ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് ഇയാള്‍ വയോധികനെ ചീത്തവിളിക്കുകയും ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്താന്‍ ശ്രമിക്കുകയുമായിരുന്നു.
തുടര്‍ന്ന് ഇയാള്‍ സംഭവസ്ഥലത്തുനിന്നു കടന്നുകളയുകയും ചെയ്തു. പരാതിയെത്തുടര്‍ന്ന് ചങ്ങനാശേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഇയാളെ പിടികൂടുകയുമായിരുന്നു. വിനീഷ് ചങ്ങനാശേരി, തൃക്കൊടിത്താനം, വാകത്താനം, ഗാന്ധിനഗര്‍ എന്നീ സ്റ്റേഷനുകളിലായി വിവിധ കേസുകളിലെ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.