വിജ്ഞാന കേരളത്തിനൊപ്പം ചുവടുറപ്പിച്ച് ജില്ല
1494158
Friday, January 10, 2025 7:06 AM IST
കോട്ടയം: തൊഴിലന്വേഷകരെ തൊഴിലവസരങ്ങളിലേക്കു നയിക്കാനും അനുയോജ്യമായ തൊഴിലുകളുമായി ബന്ധപ്പെടുത്താനും നൈപുണ്യ പരിശീലനം നൽകാനും ആത്മവിശ്വാസത്തോടെ അഭിമുഖങ്ങളിൽ പങ്കെടുക്കാൻ പ്രാപ്തരാക്കാനും തൊഴിൽമേളകളിലൂടെ തൊഴിൽ നൽകാനുമായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച നോളജ് ഇക്കണോമി മിഷന്റെ വിജ്ഞാന കേരളം ജനകീയ കാമ്പയിനിലേക്ക് ചുവടുറപ്പിച്ച് കോട്ടയം ജില്ലയും. വിജ്ഞാനകേരളം കാമ്പയിൻ ജില്ലയിൽ വിപുലമായി നടപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചു.
സംസ്ഥാനത്തെ അഞ്ചു ലക്ഷം ബിരുദ അവസാനവർഷ വിദ്യാർഥികൾക്കു തൊഴിലിനോടു ബന്ധപ്പെടുത്തി നൈപുണ്യ പരിശീലനം നൽകുമെന്നും രജിസ്റ്റർ ചെയ്ത 10 ലക്ഷം ഉദ്യോഗാർഥികളിൽനിന്ന് ഗണ്യമായൊരു വിഭാഗത്തിനു ചിട്ടയായ തൊഴിൽമേളകളിലൂടെ തൊഴിൽ നൽകുമെന്നും വിജ്ഞാനകേരളം ജനകീയ കാമ്പയിൻ അഡ്വൈസർ ഡോ. ടി.എം. തോമസ് ഐസക് പറഞ്ഞു.
ജില്ലാ ആസൂത്രണ സമിതി ഹാളിൽ നടന്ന വിജ്ഞാനകേരളം ഉന്നതതല യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജനകീയാസൂത്രണത്തിന്റെ മാതൃകയിൽ ഒരു വികസന ജനകീയ യജ്ഞമായി വിജ്ഞാന കേരളം മാറും. 50,000 സന്നദ്ധപ്രവർത്തകർ, 20,000-30,000 പ്രഫഷണൽ മെന്റർമാർ, 15000 ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ അണിനിരക്കും. അഭ്യസ്തവിദ്യരുടെ തൊഴിലില്ലായ്മയെന്ന വെല്ലുവിളി നേരിടുകയാണ് ലക്ഷ്യം.
മാണി സി. കാപ്പൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, കേരള നോളജ് ഇക്കണോമി മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആര്യ രാജൻ, എസ്. ബിജു, നഗരസഭാധ്യക്ഷരായ ലൗലി ജോർജ്, പ്രീതാ രാജേഷ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. പുഷ്പകുമാരി,
മഞ്ജു സുജിത്ത്, തദ്ദേശസ്വയംഭരണവകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ജില്ലാ പ്ലാനിംഗ് ഓഫീസർ എം.പി. അനിൽകുമാർ, അജയൻ കെ. മോനോൻ, കെ. അനിൽകുമാർ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ അഭിലാഷ് കെ. ദിവാകർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
വിജ്ഞാന കോട്ടയം
നോളജ് ഇക്കണോമി മിഷന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ജനകീയമായ സംഘടനാരീതി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയുടെ ചുമതലയുള്ള മന്ത്രി വി.എൻ. വാസവൻ അധ്യക്ഷനായി ജില്ലാ വിജ്ഞാനകേരളം കൗൺസിൽ രൂപീകരിക്കും.
എംഎൽഎമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ഭാരവാഹികൾ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർ, നഗരസഭാ അധ്യക്ഷർ, ജില്ലാ കളക്ടർ, വിവിധ വകുപ്പ് ജില്ലാതല ഓഫീസർമാർ, യുവജനക്ഷേമ ബോർഡ്, അസാപ്, കെയ്സ്, മെന്റർമാർ എന്നിവരുടെ പ്രതിനിധികൾ തുടങ്ങിയവർ കൗൺസിൽ അംഗങ്ങളാകും.