വെള്ളമെത്തിക്കാൻ റോഡുകൾ പൊളിച്ചു; നന്നാക്കാതെ പഞ്ചായത്ത്
1494164
Friday, January 10, 2025 7:06 AM IST
അതിരമ്പുഴ: അതിരമ്പുഴ പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ വർഷങ്ങളായി തകർന്നു കിടക്കുന്നു. പ്രതിഷേധം ശക്തമായിട്ടും റോഡുകൾ നന്നാക്കാൻ പഞ്ചായത്ത് നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ. പഞ്ചായത്തിന്റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധം ശക്തമാകുകയാണ്.
ജൽജീവൻ മിഷന്റെ ജലവിതരണ പൈപ്പുകൾ സ്ഥാപിക്കുന്നതിനു വേണ്ടിയാണ് പഞ്ചായത്ത് റോഡുകൾ വ്യാപകമായി പൊളിച്ചത്. പൈപ്പ് സ്ഥാപിച്ച് വർഷങ്ങളായിട്ടും പക്ഷേ വളരെ ചുരുക്കം റോഡുകളിലൊഴികെ റോഡുകൾ ടാർ ചെയ്തു സഞ്ചാര യോഗ്യമാക്കിയിട്ടില്ല. ജലജീവൻ പദ്ധതിക്കുവേണ്ടി പൊളിക്കുന്ന റോഡുകൾ പൂർവ സ്ഥിതിയിലാക്കാൻ വാട്ടർ അഥോറിറ്റിയുമായി കരാർ ഉണ്ടായിരുന്നില്ലെന്നതാണ് വിനയായത്.
ചെയ്യേണ്ടത് പഞ്ചായത്ത്, പക്ഷേ....
റോഡുകൾ സഞ്ചാരയോഗ്യമാക്കേണ്ടത് ഗ്രാമപഞ്ചായത്താണ്. ഒരേ സമയം മുഴുവൻ റോഡുകളും കുത്തിപ്പൊളിച്ചതോടെ റോഡുകൾ നന്നാക്കാൻ സാധാരണഗതിയിൽ വാർഡുകൾക്കു നൽകുന്ന തുക മതിയാകാതെ വന്നു. ഈ പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം എല്ലാ വാർഡുകൾക്കും 25 ലക്ഷം രൂപ വീതം അനുവദിച്ചു. എന്നാൽ നടപ്പു സാമ്പത്തിക വർഷം 15 ലക്ഷം രൂപ വീതമേ അനുവദിച്ചിട്ടുള്ളു. ഈ തുകയിൽ നിന്നും 18 ശതമാനം ജിഎസ്ടി കഴിഞ്ഞുള്ള തുകയേ റോഡ് നിർമാണത്തിന് ലഭിക്കുകയുമുള്ളു.
പഞ്ചായത്തിലെ മുഴുവൻ റോഡുകളും സഞ്ചാരയോഗ്യമാക്കാൻ രണ്ടു വർഷങ്ങളിലായി വാർഡുകൾക്ക് കൂടുതൽ തുക അനുവദിച്ചാൽ മതിയായിരുന്നു. പക്ഷേ പഞ്ചായത്ത് അധികൃതർ അതിനും തയ്യാറായില്ല.
അനാസ്ഥ തുടരുന്നു
അനുവദിച്ച തുക പോലും സമയബന്ധിതമായി ഉപയോഗിക്കുന്നില്ലെന്നതാണ് വ്യാപക പരാതി. കഴിഞ്ഞ വർഷം അനുവദിച്ച 25 ലക്ഷം രൂപയുടെ നിർമാണ ജോലികൾ പോലും പൂർത്തിയാക്കാത്ത വാർഡുകളുണ്ട്. റോഡ് നിർമാണത്തിനായി ജെസിബി ഉപയോഗിച്ച് റോഡ് കുത്തിയിളക്കി ഒരു വർഷത്തോളമായിട്ടും റോഡ് നിർമാണം നടത്താത്ത വാർഡുകളും ഇക്കൂട്ടത്തിലുണ്ട്.
15 ലക്ഷം രൂപ അനുവദിച്ച ഈ വർഷം ടെൻഡർ നടപടികൾ പൂർത്തിയാക്കിയത് കഴിഞ്ഞ ദിവസം മാത്രമാണ്. ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പെരുമാറ്റച്ചട്ടം ഉണ്ടാകുമെന്ന് വളരെ നേരത്തേ അറിയാമായിരുന്നിട്ടും മുൻകൂട്ടി നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിൽ പഞ്ചായത്ത് ഭരണനേതൃത്വം പരാജയപ്പെട്ടു.
അതിരമ്പുഴ തിരുനാൾ അടുത്തു; റോഡുകൾ നന്നാക്കുമോ?
പഞ്ചായത്തിന്റെ ഇടവഴികളിൽകൂടി പോലും അതിരമ്പുഴ തിരുനാളിന്റെ ദേശക്കഴുന്നുകൾ കടന്നു പോകുന്നതാണ്. ഇതിനു മുമ്പായി റോഡുകളുടെ അറ്റകുറ്റപ്പണികൾ തീർത്ത് റോഡ് വൃത്തിയാക്കുന്ന പതിവാണ് മുമ്പുണ്ടായിരുന്നത്. ഇത്തവണ കുഴികളിൽ ചാടി നടുവൊടിയേണ്ടി വരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ
പ്രതിഷേധം ശക്തമാകുന്നു
റോഡുകൾ നന്നാക്കാത്തതിൽ നാട്ടുകാർ മാസങ്ങളായി പ്രതിഷേധത്തിലാണ്. പഞ്ചായത്ത് കാര്യാലയത്തിലേക്ക് ചില സംഘടനകൾ മാർച്ചു നടത്തിയിരുന്നു. പക്ഷേ നടപടി ഉണ്ടായില്ല. ഇപ്പോൾ അമർഷം ശക്തമാക്കുകയാണ്. കഴിഞ്ഞദിവസം മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റും ജനപ്രതിനിധികളും പൗരപ്രമുഖരുമെല്ലാം പങ്കെടുത്ത ഒരു പൊതുപരിപാടിയിൽ അമർഷം പരസ്യമായി പ്രകടിപ്പിക്കുന്ന സാഹചര്യവുമുണ്ടായി.