ചങ്ങനാശേരി കെഎസ്ആര്‍ടിസി സ്റ്റാൻഡിന്റെ മതില് തകര്‍ച്ചയില്‍
1494171
Friday, January 10, 2025 7:18 AM IST
ചങ്ങനാശേരി: ചങ്ങനാശേരി കെഎസ്ആര്‍ടിസി സ്റ്റേഷന്റെ പിന്‍ഭാഗത്തെ കൂറ്റന്മതില് ജീര്‍ണിച്ചു നിലംപൊത്താറായി. താലൂക്ക് ആശുപത്രി റോഡിന്റെ വശത്ത് ആരംഭിച്ച് പിന്നിലൂടെയുള്ള മതിലാണ് കാലപ്പഴക്കത്തില്‍ തകര്‍ച്ച നേരിട്ട് അപകടാവസ്ഥയിലായിരിക്കുന്നത്. അറ്റകുറ്റപ്പണികളില്ലാതെ ശോച്യാവസ്ഥയിലെത്തിയ ഈ മതില്‍ക്കെട്ടില്‍ പാഴ്വൃക്ഷങ്ങള്‍ വളര്‍ന്നു പന്തലിച്ച് ഇവയുടെ വേരുകള്‍ വളര്ന്നിറങ്ങിയതോടെയാണ് അപകടാവസ്ഥയിലായത്. ഇതൊന്നും നോക്കാന്‍ കെഎസ്ആര്‍ടിസി അധികൃതര്‍ക്കും ഭരണാധികാരികള്‍ക്കും നേരമില്ലാതായത് മതിലിന്റെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടി.
ഈ മതിലിനോടു ചേർന്ന് ഇരുചക്രവാഹനങ്ങള്‍ സഞ്ചരിക്കുന്നതും ആളുകള്‍ നടക്കുന്നതുമായ ഇടവഴിയുണ്ട്. മതിലിനടുത്ത് വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ജനറല്‍ ആശുപത്രി റോഡ് ഭാഗത്ത് ഓട്ടോകളും പാര്‍ക്കു ചെയ്യുന്നുണ്ട്. കെഎസ്ഇബി പോസ്റ്റുകളും ലൈനും സ്ഥിതി ചെയ്യുന്നുണ്ട്.
ഈ മതിലിന്റെ പല ഭാഗങ്ങളും നേരത്തെ ഇടിഞ്ഞുപോയിരുന്നു. ഇതു പുനര്‍നിര്‍മിക്കാനോ മതില് ബലപ്പെടുത്താനോ ആരും തുനിഞ്ഞിട്ടില്ല.
ബസ് സ്റ്റാന്‍ഡിന്റെ ഈ ഭാഗം കാടുവളര്‍ന്ന അവസ്ഥയിലാണ്. മതില് പൊളിഞ്ഞ ഭാഗത്തുകൂടി രാത്രികാലങ്ങളില്‍ സാമൂഹ്യവിരുദ്ധര്‍ സ്റ്റാന്‍ഡിനുള്ളില്‍ പ്രവേശിക്കുന്നുണ്ടെന്നും പറയുന്നു.
നിലംപൊത്താറായ മതില് പൊളിച്ച് ബലപ്പെടുത്താനും പാഴ്മരങ്ങള്‍ വെട്ടിമാറ്റാനും അധികാരികള്‍ സത്വര ഇടപെടലുകള്‍ നടത്തിയില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്കിടയാക്കുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.