അപകടങ്ങൾ പതിവ് : ചങ്ങലപ്പാലം ജംഗ്ഷനിൽ റന്പിൾ സ്ട്രിപ്പ് വേണമെന്ന ആവശ്യം ശക്തം
1484332
Wednesday, December 4, 2024 5:41 AM IST
കാഞ്ഞിരപ്പള്ളി: ചങ്ങലപ്പാലം ജംഗ്ഷനിൽ വാഹനങ്ങളുടെ വേഗം നിയന്ത്രിക്കുന്നതിനു റന്പിൾ സ്ട്രിപ്പ് വേണമെന്ന നാട്ടുകാരുടെ ആവശ്യത്തിൽ മുഖംതിരിച്ചു നാഷണൽ ഹൈവേ അഥോറിറ്റി. ഇരുപത്താറാംമൈൽ ചങ്ങലപ്പാലം ജംഗ്ഷനിലാണ് ദേശീയപാതയിൽ റന്പിൾ സ്ട്രിപ്പ് സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായിരിക്കുന്നത്.
കാഞ്ഞിരപ്പള്ളിയിൽനിന്നും മുണ്ടക്കയം ഭാഗത്തുനിന്നും എത്തുന്ന വാഹനങ്ങൾ ഇടക്കുന്നം ഭാഗത്തേക്കു തിരിഞ്ഞുപോകുന്നതു ചങ്ങലപ്പാലം ജംഗ്ഷനിൽ നിന്നാണ്. ഇരുവശത്തും വളവുകൾ ആയതിനാൽ ദേശീയപാത വഴിയെത്തുന്ന വാഹനങ്ങൾക്കു ചങ്ങലപ്പാലത്തേക്കു തിരിയുന്ന വാഹനങ്ങളും പാലത്തിൽനിന്നു ഹൈവേയിലേക്ക് ഇറങ്ങുന്ന വാഹനങ്ങളും അടുത്തെത്തി കഴിയുമ്പോൾ മാത്രമാണ് കാണാനാകുക. വാഹനങ്ങൾ വേഗത്തിൽ വളവു തിരിഞ്ഞ് എത്തുന്നതിനാൽ മുന്പു പലപ്പോഴും ഇവിടെ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്.
പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിലെ പാർക്കിംഗ് മൂലം ചങ്ങലപ്പാലം ഭാഗത്തെ റോഡിൽനിന്നു ഹൈവേയിലേക്ക് ഇറങ്ങുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്കു ദേശീയപാതയിലേക്കു പ്രവേശിച്ചു കഴിഞ്ഞാൽ മാത്രമാണ് ഇരുവശത്തുനിന്നും വരുന്ന വാഹനങ്ങൾ കാണാൻ കഴിയുക.
മുക്കാലി, ഇടക്കുന്നം, മുട്ടത്തുശേരി, ഇഞ്ചിയാനി, വട്ടക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽനിന്നു നൂറുകണക്കിന് വാഹനങ്ങളാണ് ദിവസവും ചങ്ങലപ്പാലം കയറി ദേശീയപാതയിലെത്തുന്നത്.
ഇവിടെ അപകടങ്ങൾ കുറയ്ക്കാൻ റന്പിൾ സ്ട്രിപ്പും നോ പാർക്കിംഗ് ബോർഡും സ്ഥാപിക്കണമെന്നു നാട്ടുകാർ പലതവണ ആവശ്യപ്പെട്ടിട്ടും രേഖാമൂലം പരാതി നൽകിയിട്ടും ദേശീയപാത അഥോറിറ്റി ഒരു നടപടിയും എടുത്തിട്ടില്ല.
ദേശീയപാതയിൽ ഇരുവശത്തും റന്പിൾ സ്ട്രിപ്പ് സ്ഥാപിച്ചില്ലെങ്കിലും ദേശീയപാത അഥോറിറ്റി ഓഫീസ് ഉപരോധത്തിന് ഉൾപ്പെടെ ഒരുങ്ങുകയാണ് നാട്ടുകാർ.