വിമാനത്താവളത്തിന്റെ റണ്‍വേ ദിശ മാറ്റണമെന്ന് നാട്ടുകാർ; മാറ്റാനാകില്ലെന്ന് അധികൃതർ
1484093
Tuesday, December 3, 2024 6:57 AM IST
എരുമേലി: വിമാനത്താവളത്തിന്റെ റണ്‍വേയുടെ ദിശ മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്ത്. അങ്ങനെയായാല്‍ തങ്ങളുടെ സ്ഥലം നഷ്ടപ്പെടില്ലെന്നാണ് അഭിപ്രായം. കാറ്റിന്റെ ഗതി സംബന്ധിച്ചു നടത്തിയ പഠനപ്രകാരം സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ റണ്‍വേകളെല്ലാം ഒരേ ദിശയിലാണെന്നു മറുപടിയില്‍ വിശദമായി അറിയിച്ചതോടെ ആവശ്യം നിഷ്ഫലമായി.
മുക്കടയില്‍ നിര്‍ദിഷ്ട ശബരി വിമാനത്താവള പദ്ധതിയുടെ സാമൂഹ്യ പ്രത്യാഘാത വിലയിരുത്തല്‍ പഠനത്തിന്റെ പബ്ലിക് ഹിയറിംഗിലാണ് നാട്ടുകാരില്‍നിന്നു ചോദ്യം ഉയര്‍ന്നത്. റണ്‍വേയുടെ നിര്മാണത്തപ്പറ്റിയും സാങ്കേതിക വശങ്ങളെപ്പറ്റിയും ഹിയറിംഗില്‍ പരാതിക്കാര്‍ക്കു വിശദീകരിച്ചു കൊടുത്ത ഏവിയേഷന്‍ വിഭാഗം സീനിയര്‍ ടെക്നിക്കല്‍ കണ്‍സൾട്ടന്റ് കെ.പി. ജോസ്, പശ്ചിമഘട്ട മലനിരകളിലെ ഏറ്റവും അനുകൂലമായ നിലയിലുള്ള കാറ്റിന്റെ നൂറു വര്‍ഷമായ ഗതി സംബന്ധിച്ച് പഠനം നടന്നതാണെന്നും ഇതുപ്രകാരമാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ റണ്‍വേ ദിശ നിശ്ചയിച്ചിരിക്കുന്നതെന്നും മറുപടി നല്കി. റണ്‍വേയുടെ ദിശ ഒരിക്കലും മാറ്റാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാര്‍ ഏറ്റെടുക്കുന്ന 2263 ഏക്കര്‍ വിസ്തൃതിയുള്ള ചെറുവള്ളി എസ്റ്റേറ്റിന്റെ ഉള്ളില്‍ വിമാനത്താവളം പൂര്‍ണമായി സ്ഥാപിക്കാതെ, പുറത്തുള്ള ജനവാസ മേഖലകള്‍ കൂടി ഏറ്റെടുത്ത് റണ്‍വേ നിര്‍മിക്കുന്നതിനോട് ഭൂമി നഷ്ടപ്പെടുന്ന പ്രദേശവാസികള്‍ ഹിയറിംഗില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു.
ഹിയറിംഗില്‍ അധ്യക്ഷത വഹിച്ച ചീഫ് വിപ്പ് ഡോ.എന്‍. ജയരാജ്, ഭൂമി നഷ്ടപ്പെടുന്നവര്‍ക്കു പരമാവധി നഷ്ടപരിഹാര തുക നല്കുന്നതിനു പരിശ്രമിക്കുമെന്ന് ഉറപ്പു നല്കി.
ഭൂമി ഏറ്റെടുക്കല്‍ പദ്ധതിയുടെ സ്പെഷല്‍ തഹസില്‍ദാര്‍ ടി.എന്‍. വിജയന്, ഭൂമി ഏറ്റെടുക്കല്‍ നടപടികളെക്കുറിച്ചും ഭൂമിക്കും വസ്തുവകകള്‍ക്കും സര്‍ക്കാര്‍ നല്കുന്ന നഷ്ടപരിഹാരത്തെപ്പറ്റിയും വിശദീകരിച്ചു. സാമൂഹ്യ പ്രത്യാഘാത വിലയിരുത്തല്‍ പഠന യൂണിറ്റ് പ്രോജക്ട് ഓഫീസര്‍ ഡോ. എൽ. ആര്യചന്ദ്രന് കരട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മണിമല പഞ്ചായത്ത് പ്രസിഡന്റ് ബെന്നി വര്‍ഗീസ്, അഞ്ചാം വാര്‍ഡ് മെംബര്‍ റോസമ്മ ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു.