കേരള കോണ്‍ഗ്രസ്-എം ജില്ലാ ക്യാമ്പ് നാളെ പാലായില്‍
1467184
Thursday, November 7, 2024 5:35 AM IST
കോട്ടയം: കേരള കോണ്‍ഗ്രസ് എം 60-ാം ആഘോഷത്തിന്റെ ഭാഗമായും തദ്ദേശ തെരഞ്ഞെടുപ്പിനൊരുക്കമായുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായി ജില്ലാ ക്യാമ്പ് നടത്തുമെന്നു ജില്ലാപ്രസിഡന്റ് പ്രഫ. ലോപ്പസ് മാത്യു പത്രസമ്മേളനത്തിൽ അറിയിച്ചു.
നാളെ രാവിലെ 9.30ന് പാലാ സണ്‍ സ്റ്റാര്‍ ഓഡിറ്റോറിയത്തില്‍ ചേരുന്ന ക്യാമ്പില്‍ ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിക്കും. പാര്‍ട്ടി ചെയര്മാന് ജോസ് കെ.മാണി എംപി ക്യാമ്പ് ഉല്‍ഘാടനം ചെയ്യും. കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയും സംസ്ഥാന ഭരണവും എന്ന വിഷയത്തിന്മേല് നടക്കുന്ന ചര്‍ച്ചകള്‍ക്ക് മന്ത്രി റോഷി അഗസ്റ്റ്യന്‍ നേതൃത്വം നല്‍കും.
കാര്‍ഷിക മേഖലയിലെ പ്രതിസന്ധികളും പരിഹാര മാര്‍ഗ്ഗങ്ങളും എന്ന വിഷയത്തില്‍ ഡോ. എന്‍. ജയരാജും ത്രിതല ഞ്ചായത്ത് തെരഞ്ഞെടുപ്പും കേരള കോണ്‍ഗ്രസ് എം പാര്‍ട്ടിയും എന്ന വിഷയത്തില്‍ സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എയും പോഷക സംഘടനകളും, മാതൃസംഘടനയും എന്ന വിഷയത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എയും ക്ലാസുകള്‍ നയിക്കും.
പാര്‍ട്ടി വൈസ് ചെയര്മാന് തോമസ് ചാഴിക്കാടൻ, ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ് , വി.ടി ജോസഫ് എന്നിവര്‍ പ്രസംഗിക്കും. പാര്‍ട്ടി നേതാക്കളായ സണ്ണി തെക്കേടം, ജോസ് ടോം, ജോര്‍ജുകുട്ടി ആഗസ്തി, ബേബി ഉഴുത്തുവാൽ,
സഖറിയാസ് കുതിരവേലി, കെ. ജെ.ഫിലിപ്പ്, ഔസേപ്പച്ചന് വാളിപ്ലാക്കല്‍ തുടങ്ങിയവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. പത്രസമ്മേളനത്തില്‍ പാർട്ടി ജനറല്‍ സെക്രട്ടറി ഔസേപ്പച്ചന് വാളിപ്ലാക്കല്‍, ജോജി കുറത്തിയാടന്‍ എന്നിവര്‍ പങ്കെടുത്തു.