അരുവിത്തുറ വോളി ഫൈനൽ 14ന്
1460708
Saturday, October 12, 2024 3:39 AM IST
അരുവിത്തുറ: സെന്റ് ജോർജ് കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നുവരുന്ന ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ 14നു നടക്കും. പുരുഷവിഭാഗം ഫൈനലിൽ അരുവിത്തുറ സെന്റ് ജോർജ് കോളജും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും വനിതാവിഭാഗം ഫൈനലിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജും ചങ്ങനാശേരി അസംപ്ഷൻ കോളജും മത്സരിക്കും.
പുരുഷവിഭാഗം സെമിഫൈനലിൽ അരുവിത്തുറ സെന്റ് ജോർജ് കോളജ് പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജിനെയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് ചേളന്നൂർ എസ്എൻജി കോളജിനെയും തോൽപ്പിച്ചു. വനിതാവിഭാഗം സെമിഫൈനലിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പാലാ അൽഫോൻസ കോളജിനെയും ചങ്ങനാശേരി അസംപ്ഷൻ കോളജ് ആലുവ സെന്റ് സേവ്യേഴ്സ് കോളജിനെയും തോൽപ്പിച്ചു.
വനിതാ വിഭാഗം ജേതാക്കൾക്ക് ഫാ. തോമസ് അരയത്തിനാൽ മെമ്മോറിയൽ ട്രോഫിയും കാഷ് അവാർഡും ഇരാറ്റുപേട്ട നഗരസഭാ ചെയർപേഴ്സൺ സുഹ്റ അബ്ദുൾ ഖാദറും പുരുഷ വിഭാഗം ജേതാക്കൾക്ക് ഫാ. തോമസ് മണക്കാട്ട് മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും ആന്റോ അന്റണി എംപിയും സമ്മാനിക്കും.
സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. ബൈജു വർഗീസ് ഗുരുക്കൾ, സെക്രട്ടറി മായാദേവി, കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, പ്രിൻസിപ്പൽ ഡോ. സിബി ജോസഫ്, ബർസാർ ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, കായികവിഭാഗം മേധാവി ഡോ. വിയാനി ചാർളി തുടങ്ങിയവർ പ്രസംഗിക്കും.