അപകടങ്ങളൊഴിയാതെ തകര്‍ന്ന് തരിപ്പണമായി മൂലേടം മേല്‍പാലം
1459851
Wednesday, October 9, 2024 5:46 AM IST
ചിങ്ങവനം: അപകടങ്ങളൊഴിയാതെ മൂലേടം മേല്‍പാലം വാഹനയാത്രക്കാര്‍ക്ക് വെല്ലുവിളിയാകുന്നു. കോൺക്രീറ്റും ടാറിംഗും തകർന്നു കുഴികൾ നിറഞ്ഞ മേല്പാലത്തില് നിരന്തരമായി അപകടങ്ങളുണ്ടായിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാസങ്ങളായി പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന ഇവിടെ ഇരുചക്ര വാഹനയാത്രക്കാരാണ് ഏറെയും അപകടത്തില്‍പ്പെടുന്നത്. രാത്രിയില്‍ കുഴിയിലകപ്പെടുന്ന വാാഹനങ്ങള്‍ തെന്നിമാറി മറ്റു വാഹനങ്ങളിലിടിച്ചുണ്ടാകുന്ന അപകടങ്ങളും നിരവധിയാണ്.
കഴിഞ്ഞ ദിവസം മൂലേടം ഭാഗത്തേയ്ക്ക് വരികയായിരുന്ന സ്കൂട്ടര്‍ യാത്രക്കാരന് കുഴിയില്‍ വീണു ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
മൂലേടം സ്വദേശി അഭിരാമാണ് അപകടത്തില്‍പ്പെട്ടത്. പകലും രാത്രിയിലും ഒരുപോലെ വാഹനത്തിരക്കുള്ള ഇവിടെ കുഴിയൊഴിവാക്കാന് വാഹനം വെട്ടിക്കുമ്പോഴാണ് അപകടങ്ങളേറെയും നടക്കുന്നത്.
മേൽപാലം ടാറിംഗ് നടത്തുന്നതിൽ റെയിൽവേയും പൊതുമരാമത്ത് വകുപ്പും തമ്മിൽ തർക്കമുളളതും അനാസ്ഥയ്ക്ക് കാരണമായി പറയുന്നു. അപകടങ്ങളൊഴിവാക്കാന്‍ അടിയന്തരമായി റോഡ് ഗതാഗത യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ജനപ്രതിനിധികൾ ഇക്കാര്യത്തിൽ അടിയന്തര ഇടപെടൽ നടത്തണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.