ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ജനസദസ് ഇന്ന്; ജനകീയ ആവശ്യങ്ങൾ ഏറെ
1459095
Saturday, October 5, 2024 6:55 AM IST
ഏറ്റുമാനൂർ: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളെ സംബന്ധിച്ച പരാതികളും നിർദേശങ്ങളും നേരിട്ടു മനസിലാക്കുന്നതിന് ഫ്രാൻസിസ് ജോർജ് എംപി റെയിൽവേ സ്റ്റേഷനുകളിൽ നടത്തിവരുന്ന ജനസദസ് ഇന്ന് രാവിലെ 11ന് ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ നടക്കും. അമൃത് പദ്ധതിയിലൂടെ 4.5 കോടി രൂപയുടെ വികസന പദ്ധതികൾ സ്റ്റേഷനിൽ പുരോഗമിക്കുകയാണ്. ഇതിനു പുറമേ ഒട്ടേറെ ആവശ്യങ്ങളാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ഭാഗത്തുനിന്ന് ഉയരുന്നത്.
ട്രെയിനുകൾക്ക് സ്റ്റോപ്പ്
രാവിലെ എറണാകുളത്തേക്ക് പാലരുവി, വേണാട് എക്സ്പ്രസുകൾക്കിടയിൽ പുതിയതായി ഒരു മെമു സർവീസ് ആരംഭിക്കണമെന്ന ദീർഘകാല ആവശ്യം അംഗീകരിക്കപ്പെട്ടു. എന്നാൽ വൈകുന്നേരം വേണാട് എക്സ്പ്രസിലെ തിരക്കിനു പരിഹാരം കാണാൻ ഒരു മെമു വേണമെന്ന ആവശ്യം നിലനിൽക്കുന്നു.
രാവിലെ തിരുവനന്തപുരത്തേക്കു പോകുന്ന ഒരു ട്രെയിനിനും ഏറ്റുമാനൂരിൽ സ്റ്റോപ്പില്ല. അതിരമ്പുഴ, ഏറ്റുമാനൂർ തുടങ്ങി പാലാ, ഈരാറ്റുപേട്ട, കുറവിലങ്ങാട് പ്രദേശങ്ങളിൽനിന്നുള്ളവർ ബസിലോ സ്വകാര്യ വാഹനങ്ങളിലോ ഏറ്റുമാനൂർ വഴി കോട്ടയത്തെത്തി വേണം യാത്ര ചെയ്യാൻ. വഞ്ചിനാട്, മലബാർ എക്സ്പ്രസുകൾക്ക് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നത് ദീർഘകാലമായി യാത്രക്കാരുടേത് ഉൾപ്പെടെ വിവിധ സംഘടനകൾ ഉന്നയിക്കുന്ന ആവശ്യമാണ്. ഈ ട്രെയിനുകൾ തിരികെ എറണാകുളം ഭാഗത്തേക്കു മടങ്ങുമ്പോഴും സ്റ്റോപ്പ് അനുവദിക്കണം.
ബംഗളൂരുവിലേക്ക് വിദ്യാർഥികൾ ഉൾപ്പെടെ ഒട്ടേറെ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന കന്യാകുമാരി - ഐലൻഡ് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്നതും ദീർഘകാല ആവശ്യമാണ്. വഞ്ചിനാട്, മലബാർ, ഐലൻഡ് തുടങ്ങിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചാൽ ഏറ്റുമാനൂർ സ്റ്റേഷനിലേക്ക് പുതിയ യാത്രക്കാർ എത്തിച്ചേരും. ഇത് സ്റ്റേഷന്റെ വരുമാനം നിലവിലുള്ളതിന്റെ ഇരട്ടിയായി വർധിപ്പിക്കും.
കായംകുളം - എറണാകുളം എക്സ്പ്രസ് മെമുവിന് തൃപ്പൂണിത്തുറ, പിറവം റോഡ്, കോട്ടയം കഴിഞ്ഞാൽ പിന്നീടങ്ങോട്ട് ഹാൾട്ട് സ്റ്റേഷനുകൾ ഒഴികെയുള്ള എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ് ഉണ്ട്. ഈ ട്രെയിനിന് ഏറ്റുമാനൂരിൽ സ്റ്റോപ്പ് അനുവദിക്കണം.
മറ്റ് ആവശ്യങ്ങൾ:
ഏറ്റുമാനൂർ-അതിരമ്പുഴ റോഡിൽ മനയ്ക്കപ്പാടത്തും ഏറ്റുമാനൂർ-നീണ്ടൂർ റോഡിൽ റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലും വെയ്റ്റിംഗ് ഷെഡ് നിർമിക്കണം. റെയിൽവേ സ്ഥലം വിട്ടുനൽകാൻ തയ്യാറായാലേ ഇത് സാധ്യമാകുകയുള്ളൂ.
മനയ്ക്കപ്പാടത്തും റെയിൽവേ സ്റ്റേഷൻ ജംഗ്ഷനിലും കവാടം നിർമിക്കണം. അപ്രോച്ച് റോഡ് പുനർനിർമിച്ച് വഴിവിളക്കുകൾ സ്ഥാപിക്കണം.മോഷ്ടാക്കളുടെയും സാമൂഹ്യ വിരുദ്ധരുടെയും വിഹാരകേന്ദ്രമായ റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിരീക്ഷണ കാമറകൾ സ്ഥാപിക്കണം.
റെയിൽവേ ക്വാർട്ടേഴ്സുകൾ പലതും ജീർണാവസ്ഥയിലാണ്. ക്വാർട്ടേഴ്സുകൾ പൂർണമായും പഴയ റെയിൽവേ സ്റ്റേഷൻ ഭാഗത്തേക്ക് മാറ്റി നിർമിക്കണം. ഇപ്പോൾ ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം പാർക്കിംഗിനോ മറ്റ് വികസനാവശ്യങ്ങൾക്കോ ഉപയോഗിക്കണം.
അപ്രോച്ച് റോഡിന്റെ നീണ്ടൂർ റോഡിൽ നിന്നുള്ള ഭാഗത്തെ വീതിക്കുറവും വലിയ വളവുകളും പരിഹരിക്കണം. സ്റ്റേഷനിൽ പ്ലാറ്റ്ഫോമുകളിലേക്കുള്ള ഫുട് ഓവർബ്രിഡ്ജിനെ അപ്രോച്ച് റോഡുമായി ബന്ധിപ്പിച്ച് യാത്രക്കാർക്ക് പ്രവേശനം അനുവദിക്കണം.
അംഗപരിമിതർക്കും രോഗികൾക്കും വൃദ്ധർക്കുമുള്ള ബുദ്ധിമുട്ട് പരിഗണിച്ച് ലിഫ്റ്റ് / എസ്കലേറ്റർ സ്ഥാപിക്കണം.രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകൾക്കിടയിൽ കുടിവെള്ളം ലഭ്യമാക്കണം.
റെയിൽവേസ്റ്റേഷൻ ജംഗ്ഷനിൽനിന്ന് കാട്ടാത്തി ഭാഗത്തേക്കുള്ള റോഡിന്റെ റെയിൽവേയുടെ സ്ഥലത്തു കൂടിയുള്ള ഭാഗം ഗതാഗതയോഗ്യമാക്കണം. എംപി തലത്തിൽ റെയിൽവേ ഉദ്യോഗസ്ഥരുമായി പല തവണ ചർച്ച നടന്ന വിഷയമാണിത്. റോഡ് നിർമിക്കുന്നതിന് റെയിൽവേയുടെ അനുമതി ആവശ്യമാണ്.
കാണക്കാരി, പാറോലിക്കൽ മേൽപ്പാലങ്ങൾ നിർമിക്കണം
ഗതാഗതത്തിരക്കേറിയ ഏറ്റുമാനൂർ ടൗണിൽ പ്രവേശിക്കാതെ യാത്ര തുടരാവുന്ന പാറോലിക്കൽ - മുട്ടപ്പള്ളി റോഡിൽ പാറോലിക്കലും കാണക്കാരിയിലുമായി രണ്ട് റെയിൽവേ ക്രോസുകളാണുള്ളത്. രണ്ടിടത്തും മേൽപാലങ്ങൾ നിർമിക്കണം. കോട്ടയം - എറണാകുളം റോഡിലും എംസി റോഡിലും യാത്ര ചെയ്യുന്നവർക്ക് സമയനഷ്ടവും യാത്രാക്ലേശവും ഒഴിവാക്കാൻ ഈ മേൽപ്പാലങ്ങൾ അനിവാര്യമാണ്.
വിവിധ ആവശ്യങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം ഫ്രാൻസിസ് ജോർജ് എംപിക്ക് ജനസദസിൽ വച്ച് സമർപ്പിക്കുമെന്ന് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്സ് ഓൺ റെയിൽസ് ഭാരവാഹികളായ അജാസ് വടക്കേടം, ശ്രീജിത്കുമാർ എന്നിവർ പറഞ്ഞു.