കെഎസ്ആർടിസി സ്റ്റാൻഡിൽ പാർക്ക് ചെയ്ത ബസ് പിന്നോട്ടുരുണ്ട് പ്രസ്ക്ലബ് മതിൽ തകർത്തു
1458621
Thursday, October 3, 2024 5:05 AM IST
കോട്ടയം: സ്റ്റാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന കെഎസ്ആര്‍ടിസി ബസ് പിന്നോട്ടുരുണ്ട് കോട്ടയം പിഡബ്ല്യുഡി ഓഫീസിന്റെയും പ്രസ് ക്ലബിന്റെയും മതില് ഇടിച്ചു തകര്‍ത്തു.
ഇന്നലെ രാവിലെ 11.30നായിരുന്നു സംഭവം. മൂവാറ്റുപുഴ, അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ് സ്റ്റാന്‍ഡില്‍ നിർത്തിയിട്ട ഉടനെ തനിയെ ഉരുണ്ടു പോകുകയായിരുന്നു. സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തി ഡ്രൈവര്‍ പുറത്തിറങ്ങിയ ഉടനെയാണ് ബസ് ഉരുണ്ടു നീങ്ങിയത്.
ടിബി റോഡ് കുറുകെക്കടന്ന ബസ് പ്രസ് ക്ലബ്ബിന്റെയും പിഡബ്ല്യുഡി ഓഫീസിന്റെയും മതിലില്‍ ഇടിച്ചു നിന്നു. അപകടത്തില്‍ പിഡബ്ല്യുഡി ഓഫീസിന്റെ മതിലും കോട്ടയം പ്രസ് ക്ലബിന്റെ കവാടവും തകര്‍ന്നു. ബസില്‍ ഈ സമയം യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.
സംഭവം പകല്സമയത്തായിരുന്നെങ്കിലും റോഡില്‍ക്കൂടി കടന്നുപോയ വാഹനങ്ങളില്‍ ഇടിക്കാതിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി.
കഴിഞ്ഞ ജൂലൈ ആറിനു പുലര്‍ച്ചെ നാലിനും സമാന സംഭവം ഉണ്ടായിരുന്നു. അന്നും ഇതേപോലെ പാര്‍ക്ക് ചെയ്തിരുന്ന ബസ് തനിയെ ഉരുണ്ട് ഇതേസ്ഥലത്ത് വന്നിടിക്കുകയായിരുന്നു.