കെഎസ്ആര്‍ടിസി റൂട്ട് പിടിച്ചിട്ടു കാര്യമില്ല; പഴഞ്ചന്‍ ബസുകള്‍ വന്‍ബാധ്യത
1453366
Saturday, September 14, 2024 11:15 PM IST
കോട്ടയം: കൂടുതല്‍ ബസുകള്‍ വാങ്ങി പുതിയ സര്‍വീസുകള്‍ തുടങ്ങാന്‍ കെഎസ്ആര്‍ടിസി ഒരുക്കം നടത്തുമ്പോള്‍ കാലപ്പഴക്കത്താല്‍ കിതയ്ക്കുകയാണ് ഓര്‍ഡിനറി ബസുകള്‍. ജില്ലയില്‍ 60 ബസുകള്‍ കാലപ്പഴക്കം ചെന്ന് നിരത്തൊഴിയേണ്ട കാലമെത്തി. പത്തു വര്‍ഷം ഫാസ്റ്റും എക്സ്പ്രസും സൂപ്പര്‍ഫാസ്റ്റുമായി ഓടിച്ചശേഷമാണ് ഓര്‍ഡിനറി ബസുകളായി കുറഞ്ഞത് അഞ്ചു വര്‍ഷം ഓടിക്കുക. വേണാട് ബസുകളെല്ലാം പതിനഞ്ച് വര്‍ഷം ഓടിക്കഴിഞ്ഞു.
സമീപജില്ലകളിലും സാഹചര്യം ഇതുതന്നെയാണ്. ദീര്‍ഘദൂര ഓര്‍ഡിനറി സര്‍വീസുകളില്‍ വരെ കെഎസ്ആര്‍ടിസിക്ക് കാലപ്പഴക്കം ചെന്ന ബസുകള്‍ പലതുണ്ട്. കോട്ടയം-കുമളി, കോട്ടയം-ആലപ്പുഴ റൂട്ടുകളിലെ ഓര്‍ഡിനറികള്‍ ഏറെയും പഴക്കം ചെന്നവയും യാത്രാക്ലേശമുണ്ടാക്കുന്നവയുമാണ്.
ദിവസം പതിനായിരം രൂപയിലേറെ കളക്ഷന്‍ ലഭിക്കുന്ന ബസുകളും ഇതില്‍പ്പെടും. ഇന്ധനം, അറ്റകുറ്റപ്പണി എന്നിവ കണക്കാക്കിയാല്‍ ഉയര്‍ന്ന വരുമാനംകൊണ്ട് വലിയ നേട്ടമില്ല.
നന്നാക്കി ഉപയോഗിക്കാന്‍ കഴിയാത്തവിധം കാലപ്പഴക്കമുള്ള 920 ബസുകള്‍ പൊളിക്കാനുണ്ടെന്ന് കെഎസ്ആര്‍ടിസി മുന്‍പ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിവിധ ജില്ലകളില്‍ കട്ടപ്പുറത്തിരിക്കുന്ന ബസുകള്‍ രൂപമാറ്റം വരുത്തി വാടക ഈടാക്കി കടകള്‍ നടത്താന്‍ ആവിഷ്കരിച്ച പദ്ധതിയും പരാജയപ്പെട്ടു.
ഭാരിച്ച വാടക മാത്രമല്ല ഇത്തരം ഷോപ്പുകളിലേക്ക് വരാന്‍ ജനങ്ങള്‍ താത്പര്യം കാണിച്ചുമില്ല. പൊളിക്കാനുള്ളവയില്‍ 681 എണ്ണം സാധാരണ ബസുകളും 239 എണ്ണം ജൻറം ബസുകളുമാണ്. ഓര്ഡിനറികളേറെയും ഒന്‍പതു വര്‍ഷം മുതല്‍ 16 വര്‍ഷം വരെ ഉപയോഗിച്ചവയാണ്. ചില ബസുകളുടെ എന്‍ജിനുകളും സ്പെയര്‍ പാര്‍ട്സും മറ്റ് ബസുകളില്‍ പ്രയോജനപ്പെടുത്തിയിരുന്നു.
കോവിഡ് കാലത്ത് ഒന്നര വര്‍ഷത്തോളം ബസുകള്‍ ഡിപ്പോയിലും പുറത്തും വെറുതെ കിടന്ന് എന്‍ജിനും ബാറ്ററിയും ടയറും നശിച്ചു. ബസുകള്‍ ഡിപ്പോകളില്‍ സുരക്ഷിതമാക്കാനോ സ്റ്റാര്‍ട്ട് ചെയ്യാനോ ചെറിയ ദൂരം ഓടിക്കാനോ താത്പര്യം കാണിക്കാതെ വന്നതാണ് ബസുകള്‍ക്ക് ആയുസ് കുറയാന്‍ കാരണമായത്. നിരവധി ബസുകളില്‍ കാടുകയറുന്ന സാഹചര്യമുണ്ടായി.
കോവിഡിനുശേഷം നിയന്ത്രണങ്ങളോടെ സര്‍വീസ് തുടങ്ങിയപ്പോഴും രോഗ വ്യാപനഭീതിയില്‍ ജൻറം എസി ബസുകള്‍ ഓടിച്ചില്ല. കാലങ്ങളോളം ഈ ബസുകള്‍ വെറുതെ കിടന്ന് തുരുമ്പെടുത്ത് ഉപയോഗശൂന്യമായി.
കേന്ദ്രസര്‍ക്കാര്‍ സ്കീം അനുസരിച്ച് ലഭിച്ച ജന്റം ബസുകള്‍ കേരളത്തിന് പാകമായിരുന്നില്ല. ഇന്ധനച്ചെലവ്, അറ്റകുറ്റപ്പണി എന്നിവ കൂടുതലും കേരളത്തിലെ റോഡുകള്‍ക്ക് ഇണങ്ങാത്തവയുമാണ്.