ബാപ്പുവിന്റെ ഓർമ്മകൾ പങ്കുവച്ചും ആവേശം സമ്മാനിച്ചും തുഷാർ ഗാന്ധി
1452262
Tuesday, September 10, 2024 9:51 PM IST
പാലാ/കുറവിലങ്ങാട്: ബാപ്പുവിന്റെ ഓർമകൾ പങ്കുവെച്ചും ആവേശം സമ്മാനിച്ചും മഹാത്മജിയുടെ പൗത്രൻ തുഷാർ ഗാന്ധി. പാലാ മൂന്നാനിയിലെ ഗാന്ധിസ്മൃതി സംഗമവും കുറവിലങ്ങാട് ഗാന്ധിജി വിചാർവേദിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
കുറവിലങ്ങാട് പഞ്ചായത്ത് ബസ് സ്റ്റാൻഡിലെ ഗാന്ധിപ്രതിമയിൽ പുഷ്പാർച്ചന നടത്തിയ തുഷാർ ഗാന്ധി വിദ്യാർഥികളടക്കമുള്ളവർക്ക് പുത്തൻ ആവേശം സമ്മാനിച്ചാണ് മടങ്ങിയത്. യുവജനങ്ങളും വിദ്യാർഥികളും ഗാന്ധിയൻ ആദർശങ്ങളിൽ കൂടുതൽ ആകൃഷ്ടരാകണമെന്നു തുഷാർ ഗാന്ധി ആഹ്വാനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി. കുര്യൻ, ജില്ലാ പഞ്ചായത്തംഗം നിർമല ജിമ്മി, ഡോ. ജോസ് മാത്യു എന്നിവർ പ്രസംഗിച്ചു.
പാലാ മൂന്നാനിയിൽ പാലാ നഗരസഭാ ചെയര്മാന് ഷാജു തുരുത്തന് അദ്ദേഹത്തെ ഷാളണിയിച്ചു സ്വീകരിച്ചു. വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ തുഷാർ ഗാന്ധി ആദരിച്ചു. ഫൗണ്ടേഷന് ചെയര്മാന് എബി ജെ. ജോസ് അധ്യക്ഷത വഹിച്ചു. ഡോ. ജസ്റ്റീസ് കെ. നാരായണക്കുറുപ്പ്, ചാവറ പബ്ലിക് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. സാബു കൂടപ്പാട്ട്, ഡോ. ജോര്‍ജ് ജോസഫ് പരുവനാടി, ഡോ. സിന്ധുമോള്‍ ജേക്കബ്, സാംജി പഴേപറമ്പില്‍, മുനിസിപ്പല്‍ കൗണ്‍സിലന്മാരായ സിജി ടോണി, വി.സി. പ്രിന്‍സ്, ബിജി ജോജോ, ലിസിക്കുട്ടി മാത്യു, ഫൗണ്ടേഷന് ട്രഷറര്‍ അനൂപ് ചെറിയാൻ, സോണി കലാഗ്രാം എന്നിവര്‍ പ്രസംഗിച്ചു.
പാലാ സന്ദര്‍ശനത്തിന്റെ ഓര്‍മയ്ക്കായി തുഷാര്‍ ഗാന്ധി ചന്ദനമരത്തൈ ഫൗണ്ടേഷന് ഭാരവാഹികള്‍ക്കു കൈമാറി.