അശരണര്‍ക്ക് അന്നദാനം; സെന്റ് പീറ്റേഴ്സിന്റെ നല്ല മാതൃക
1452261
Tuesday, September 10, 2024 7:23 AM IST
കുറുമ്പനാടം: പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം കാരുണ്യത്തിന്റെയും കരുതലിന്റെയും നല്ല പാഠങ്ങള്‍ പകര്‍ന്ന് കുറുമ്പനാടം സെന്റ് പീറ്റേഴ്സ് സ്കൂള്‍ മാതൃകയാകുന്നു.
സ്കൂള്‍ നാഷണല്‍ സര്‍വീസ് സ്കീമിന്റെയും കേരള കാത്തലിക് സ്റ്റുഡന്‍സ് ലീഗിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ഈ വര്‍ഷത്തെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഒന്നായ കെയര്‍ പാക്കേജിന് തുടക്കംകുറിച്ചത്.
മല്ലപ്പള്ളി ശാലോം കാരുണ്യഭവന് ജീവകാരുണ്യ ട്രസ്റ്റിലെ 250 ഓളം അന്തേവാസികളാണ് ഈ പദ്ധതിയുടെ ഭാഗമായി തീര്‍ന്നത്.
മാസത്തിലെ നാലാം വെള്ളിയാഴ്ചകളില്‍ നടത്തുന്ന അന്നദാന പദ്ധതിയില്‍ കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും പൂര്‍ണപിന്തുണയാണ് സ്കൂള്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് ശക്തി പകര്‍ന്നത്. 250 ഓളം ഭക്ഷണ പാക്കറ്റുകള്‍ ആവശ്യമുള്ളിടത്ത് ഇരട്ടിയോളം ഭക്ഷണ പാക്കറ്റുകളാണ് പിടിഎയുടെ നിര്‍ലോഭമായ സഹകരണത്താല്‍ ലഭിച്ചത്.
സ്നേഹത്തിന്റെയും കരുതലിന്റെയും മറ്റൊരിടമായ വോള്‍ ഓഫ് ലൗവ് ഉദ്ഘാടനം ചെയ്തതുമുതല് നിത്യോപയോഗ സാധനങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് ഈ സ്നേഹമതിലിലൂടെ ലഭിച്ചു കൊണ്ടിരിക്കുന്നു.
പരിപാടികള്‍ക്കു പ്രിന്‍സിപ്പല്‍ ജയിംസ് കെ. മാളിയേക്കല്‍, കെസിഎസ്എല്‍ ആനിമേറ്റര്‍ സിസ്റ്റര്‍ ഉഷ മരിയ എഫ്സിസി, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം.എസ്. അജേഷ്, പിടിഎ പ്രസിഡന്റ് ജെയ്സണ്‍ ചെറിയാന് എന്നിവര്‍ നേതൃത്വം നല്കി.