രാജ്യത്ത് മതത്തിന്റെ പേരിൽ അധിക്ഷേപം: തുഷാർ ഗാന്ധി
1452237
Tuesday, September 10, 2024 7:03 AM IST
കോട്ടയം: മതത്തിന്റെ പേരിൽ അധിക്ഷേപം നേരിടുന്ന സാഹചര്യമാണ് രാജ്യത്തെന്ന് തുഷാർ ഗാന്ധി. കോട്ടയം പബ്ലിക് ലൈബ്രറിയും തിരുവല്ല മുളമൂട്ടിലച്ചന്‍ ഫൗണ്ടേഷനും ചേര്‍ന്ന് കെപിഎസ് മേനോന് ഹാളില്‍ നടത്തിയ ടോക്സ് ഇന്ത്യ പ്രതിമാസ പ്രഭാഷണ പരിപാടിയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മഗാന്ധിയുടെ ചെറുമകനാണ് തുഷാർ. ഭക്ഷണത്തിന്റെ പേരിൽ ആളുകളെ തല്ലിച്ചതയ്ക്കുന്നതും കൊല്ലുന്നതും സമീപകാലത്ത് നമ്മുടെ രാജ്യം കണ്ടതാണെന്നു പറഞ്ഞ അദ്ദേഹം വർണത്തിന്റെ പേരിൽ പോലും ഇവിടെ വിവേചനം നടക്കുന്നുണ്ടെന്നു കൂട്ടിചേർത്തു.
ഹിന്ദു– മുസ്ലിം വിഭാഗങ്ങൾ ഒന്നാണെന്ന് തിരിച്ചറിഞ്ഞ അവർ രണ്ടു സമൂഹത്തെയും വിഭജിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര വർഷം കഴിഞ്ഞിട്ടും അത് തുടരുകയാണെന്നും തുഷാർ ഗാന്ധി പറഞ്ഞു. പ്രഭാഷണത്തിനുശേഷം ജില്ലയിലെ വിവിധ കോളജുകളിൽനിന്ന് വന്ന കുട്ടികളുടെ ചോദ്യങ്ങൾക്ക് മറുപടിയും അദ്ദേഹം നൽകി.