അൽഫോൻസ ജന്മഗൃഹത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്കു തിരിതെളിഞ്ഞു
1451677
Sunday, September 8, 2024 6:57 AM IST
കുടമാളൂർ: അൽഫോൻസ ജന്മഗൃഹത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തിരിതെളിഞ്ഞു. ഇന്നലെ രാവിലെ അർപ്പിച്ച വിശുദ്ധ കുർബാനയ്ക്കു ശേഷം ചങ്ങനാശേരി അതിരൂപതയുടെ നിയുക്ത ആർച്ച്ബിഷപ് മാർ തോമസ് തറയിൽ ജൂബിലി ദീപം തെളിച്ചു. വിശുദ്ധ അൽഫോൻസാമ്മ ജനിച്ച മുട്ടത്തുപാടം ഭവനം ഫ്രാൻസിസ്കൻ ക്ലാരസഭ ഏറ്റെടുത്തതിന്റെ ജൂബിലി ആഘോഷങ്ങൾക്കാണ് തുടക്കമായത്.
വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹം നമുക്ക് ഒരു ഓർമപ്പെടുത്തലാണെന്ന് വിശുദ്ധ കുർബാന മധ്യേ നൽകിയ സന്ദേശത്തിൽ മാർ തോമസ് തറയിൽ പറഞ്ഞു. കുടുംബമാണ് ഒരു വ്യക്തിയുടെ ജീവിതത്തെ രൂപപ്പെടുത്തുന്നത്. വിശുദ്ധിയും സ്നേഹവും പങ്കുവയ്ക്കലും വിട്ടുവീഴ്ചയുമുള്ള കുടുംബങ്ങളിൽനിന്നേ വിശുദ്ധരായ വ്യക്തികൾ ഉണ്ടാകുകയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു.
ജന്മഗൃഹം ഏറ്റെടുക്കുന്നതിന് നേതൃത്വം നൽകിയ എം.വി. വർക്കി മറ്റത്തിൽ, എം.ജെ. മാണി വലിയമറ്റത്തിൽ, ഇസഡ്. ജോസഫ് പനത്തറ, മദർ ഗ്രാസിയ, മദർ റോസ്മി വരകിൽ, സിസ്റ്റർ മരീന വെങ്ങാലൂർ എന്നിവരെ മാർ തോമസ് തറയിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
കുടമാളൂർ സെന്റ് മേരീസ് ആർക്കി എപ്പിസ്കോപ്പൽ ദേവാലയം ആർച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടം, ഫാ. ടോം കുന്നുംപുറം, ഫാ. സ്മിത്ത് ശ്രാമ്പിക്കൽ, പ്രൊവിൻഷ്യൽ സുപ്പീരിയർ മദർ ലിസ്മേരി എഫ്സിസി, അൽഫോൻസാ ഭവൻ സുപ്പീരിയർ സിസ്റ്റർ എൽസിൻ എഫ്സിസി ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപ ജോസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.