പള്ളിയിൽ സംഘർഷം; ഒരാൾക്ക് പരിക്കേറ്റു
1431339
Monday, June 24, 2024 7:04 AM IST
ചിങ്ങവനം: കുറിച്ചി മാർ ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ വിശുദ്ധ കുർബാനയെ ചൊല്ലി ഇരു കൂട്ടർ തമ്മിൽ സംഘർഷം. ഒരാളുടെ തലയ്ക്ക് പരിക്കേറ്റു. കരിമ്പന്നൂർ വീട്ടിൽ റിജോ (46) യുടെ തലയ്ക്കാണ് സംഘർഷത്തിൽ പരിക്കേത്.
പരിക്കേറ്റയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ത്യോഖ്യ പാത്രിയാർക്കീസ് ബാവയുടെ ഉത്തരവുകൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിനെ തുടർന്ന് പാത്രിയാർകീസ് ബാവ സസ്പെൻഡ് ചെയ്ത കുര്യാക്കോസ് മാർ സേവേറിയോസ് മെത്രാപ്പോലീത്തയാണ് വിശുദ്ധ കുർബാന അർപ്പിക്കാനെത്തിയത്.
ഇന്നലെ രാവിലെ 8.30നായിരുന്നു സംഭവം. പാത്രിയാർക്കീസ് ബാവായുടെ വിലക്ക് ലംഘിച്ച് സേവേറിയോസ് മെത്രാപ്പോലീത്ത കുർബാന അർപ്പിക്കാൻ എത്തിയതിനെ എതിർത്ത് പാത്രിയാർക്കീസ് അനുകൂലികൾ രംഗത്ത് എത്തി.
ഇതേച്ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ വാക്കേറ്റവും സംഘർഷവും ഉണ്ടാകുകയും റിജോയുടെ തലയ്ക്ക് പരിക്കേൽക്കുകയുമായിരുന്നു. സംഘർഷത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ചു. തുടർന്ന് ചിങ്ങവനം പോലീസിന്റെ സാന്നിധ്യത്തിൽ മെത്രാപ്പോലീത്ത വിശുദ്ധ കുർബാന അർപ്പിച്ചശേഷം മടങ്ങി.