മാവേലിക്കര നഗരസഭ കൗൺസിൽ യോഗം; ഇറങ്ങിപ്പോക്ക്, തടഞ്ഞുവയ്ക്കൽ
1532647
Thursday, March 13, 2025 11:39 PM IST
മാവേലിക്കര: നഗരസഭയിൽ ഇന്നലെ കൂടിയ കൗൺസിൽ യോഗത്തിനിടെ നാടകീയ സംഭവങ്ങൾ അരങ്ങേറി. പതിനാല് അജണ്ടകളുമായി ഇന്നലെ ചേർന്ന യോഗത്തിൽ ആദ്യഘട്ടംതന്നെ നാളിതുവരെയുള്ള ഓഡിറ്റ് റിപ്പോർട്ടുകൾ ചർച്ച ചെയ്യാതെ മറ്റ് അജണ്ടകൾ ചർച്ചചെയ്യണ്ട എന്നായിരുന്നു ഭരണകക്ഷികൂടിയായ കോൺഗ്രസിന്റെ നിലപാട്.
എന്നാൽ, വിളിച്ചുചേർത്ത കൗൺസിൽ യോഗം പൂർത്തിയാക്കണമെന്ന് എൽഡിഎഫും ബിജെപിയും ആവശ്യപ്പെട്ടു. കോൺഗ്രസ് അംഗങ്ങൾ കൗൺസിൽ വിട്ട് ഇറങ്ങിയതോടെ ചെയർമാൻ കൗൺസിൽ യോഗം പിരിച്ചുവിട്ടു. ഇതേതുടർന്ന് എൽഡിഎഫ് അംഗങ്ങളും ബിജെപി അംഗങ്ങളും കൗൺസിൽ ഹാളിൽ പ്രതിഷേധിച്ചു.
എൽഡിഎഫ് അംഗങ്ങൾ പ്രതിഷേധക്കുറിപ്പ് എഴുതി നൽകി. തുടർന്ന് കൗൺസിൽ ഹാൾ വിടാനായി ഇറങ്ങിയ ചെയർമാനെ ബിജെപി അംഗങ്ങൾ തടഞ്ഞുവച്ചു. 28 അംഗ കൗൺസിലിൽ ചെയർമാനും ബിജെപി അംഗങ്ങളുമുൾപ്പെടെ പത്തു പേരാണ് പങ്കെടുത്തത്. അടിയന്തര കൗൺസിലിനുള്ള നോട്ടീസ് തരാതെ രണ്ടാമത് കൗൺസിൽ യോഗം ചേർന്നത് ചട്ടലംഘനമാണെന്ന് സിപിഎം പാർലമെന്ററി പാർട്ടി ലീഡർ ലീലാ അഭിലാഷ് കുറ്റപ്പെടുത്തി.
ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സി പിഎം അംഗങ്ങൾ പറഞ്ഞു. പിരിച്ചുവിട്ട കൗൺസിൽ യോഗം വീണ്ടും കൂടിയതിന് നിയമസാധ്യയില്ലെന്നും കൗൺസിലർമാർക്ക് അറിയിപ്പ് കൊടുക്കാതെ അങ്ങനെയൊരു കൗൺസിൽ യോഗം കൂടാൻ സാധിക്കില്ലെന്നും കോൺഗ്രസ് പാർലമെന്ററി പാർട്ടി ലീഡർ നൈനാൻ സി. കുറ്റിശേരിൽ പറഞ്ഞു. മൂന്നു കക്ഷികൾക്കും ഒൻപതംഗങ്ങൾ വീതമുള്ള കൗൺസിലിൽ സ്വതന്ത്രനായ ചെയർമാൻ കെ.വി.ശ്രീകുമാർ കോൺഗ്രസ് പിൻതുണയോടെയായിരുന്നു ഭരണം നടത്തിവന്നിരുന്നത്.
കരാർ ലംഘിച്ചു ഭരണം തുടർന്ന ചെയർമാനുള്ള പിൻതുണ പിൻവലിക്കാനുള്ള നീക്കം കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. സാമ്പത്തികവർഷം അവസാനിക്കാനിരിക്കെ നിരവധി അജണ്ടകളിന്മേൽ തീരുമാനം ഉണ്ടാകേണ്ട സഭയിൽ ഭരണസ്തംഭനമാണ് ഉണ്ടായിരിക്കുന്നത്.