ഗുണ്ടയുടെ പിറന്നാൾ ആഘോഷത്തിനിടെ കൊലക്കേസ് പ്രതി ഉൾപ്പെടെ പിടിയിൽ
1532651
Thursday, March 13, 2025 11:39 PM IST
കായംകുളം: കുപ്രസിദ്ധ ഗുണ്ടയുടെ പിറന്നാൾ ആഘോഷത്തിനിടെ കൊലപാതക കേസിലെ പ്രതി ഉൾപ്പെടെ പോലീസ് പിടിയിലായി. കുപ്രസിദ്ധ ഗുണ്ടയും ഗുണ്ടാ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ളതുമായ കായംകുളം പത്തിയൂർ എരുവ ചെറുകാവിൽ വീട്ടിൽ വിഠോബ ഫൈസൽ എന്നു വിളിക്കുന്ന ഫൈസൽ (31) സംഘടിപ്പിച്ച പിറന്നാളാഘോഷമാണ് കായംകുളം പോലീസ് ഇടപെട്ട് പൊളിച്ചടുക്കിയത്.
കഴിഞ്ഞദിവസം രാത്രി 10.30 നാണ് പുതുപ്പള്ളി കൂട്ടുംവാതുക്കൽ പാലത്തിൽ പിറന്നാളാഘോഷം സംഘടിപ്പിച്ചത്. ഫൈസലിനെ കൂടാതെ കായംകുളത്ത് യുവാവിനെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ കായംകുളം മത്സ്യമാർക്കറ്റിന് സമീപം പുത്തൻകണ്ടത്തിൽ പാരഡൈസ് വില്ലയിൽ പുട്ട് അജ്മൽ എന്നുവിളിക്കുന്ന അജ്മൽ (27), കാപ്പാ നിയമപ്രകാരം നടപടി നേരിട്ടു കൊണ്ടിരിക്കുന്ന കുപ്രസിദ്ധ ഗുണ്ട പത്തിയൂർ എരുവ ഷാലിമാർ മൻസിൽ ആഷിക്ക് (24), ആഷിക്കിന്റെ സഹോദരൻ ആദിൽ (22), കൃഷ്ണപുരം ദേശത്തിനകം പന്തപ്ലാവിൽ മുനീർ (25), മുനീറിന്റെ സഹോദരൻ മുജീബ് (23), കുറത്തികാട് തെക്കേക്കര കോമത്ത് വീട്ടിൽ ഗോപൻ (37), കായംകുളം ചേരാവള്ളി താന്നിക്കൽ തറയിൽ ഉണ്ണിരാജ് (30), കായംകുളം ചേരാവള്ളി പടിക്കൽ വീട്ടിൽ ആദിൽ (23), കുറത്തികാട് തെക്കേക്കര കിഴക്കേത്ത് വിളയിൽ പ്രവീൺ (29), കായംകുളം ചിറക്കടവം തോട്ടുമുഖപ്പിൽ വീട്ടിൽ അനന്തകൃഷ്ണൻ (30) എന്നിവരാണ് പോലീസ് പിടിയിലായത്.
പുതുപ്പള്ളി കൂട്ടും വാതുക്കൽ പാലത്തിൽ അന്യായമായി സംഘം ചേർന്ന് വാഹനങ്ങളിട്ട് ഗതാഗതം തടസപ്പെടുത്തി പരസ്യ മദ്യപാനം നടത്തി പിറന്നാൾ ആഘോഷം നടത്തിവരവേയാണ് കായംകുളം പോലീസ് ഇവരെ പിടികൂടിയത്.
ഇവരിൽ സഹോദരൻമാരായ ആദിലും ആഷിക്കും കൊലപാതക ശ്രമം, പോക്സോ, നാഷണൽ ഹൈവേയിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതുൾപ്പെടെയുള്ള കേസുകളിൽ പ്രതിയാണ്. മുനീറും പ്രവീണും മയക്കുമരുന്ന് കേസുകളിൽ പ്രതികളാണ്.
കായംകുളം ഡിവൈഎസ്പി ബാബുക്കുട്ടന്റെ മേൽനോട്ടത്തിൽ സിഐ അരുൺ ഷായുടേയും എസ്ഐമാരായ രതീഷ് ബാബു, ശരത്, ദിലീപ്, എഎസ്ഐ പ്രിയ, എഎസ്ഐ പ്രകാശ്, ബിനു, പോലീസ് ഉദ്യോഗസ്ഥരായ ദിലീപ്, വിശാൽ, ബിനു, ദിവ്യ, പ്രദീപ്, ഗോപൻ, അഖിൽ മുരളി, ശ്രീനാഥ്, വിവേക്, അരുൺ എന്നിവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.