വിടവാങ്ങിയത് എഴുത്തിലും പ്രവൃത്തിയിലും വേറിട്ട നിലപാട് പുലര്‍ത്തിയ ദളിത് ചിന്തകൻ
1532646
Thursday, March 13, 2025 11:39 PM IST
ബിജു ഇത്തിത്തറ
കടുത്തുരുത്തി: പതിറ്റാണ്ടുകള്‍ കേരളത്തിലെ സാമൂഹ്യ-സാംസ്കാരിക വ്യവസ്ഥിതിയോട് കലഹിച്ചുനിന്ന ദളിത് എഴുത്തുകാരനെയും ചിന്തകനെയുമാണ് കെ.കെ. കൊച്ചിന്റെ നിര്യാണത്തോടെ നാടിന് നഷ്ടമായത്. ദളിതരുടെയും പാര്ശ്വവത്കരിക്കപെട്ടവരുടെയും സാധാരണക്കാരന്റെയും നാവായിരുന്നു അന്തരിച്ച കെ.കെ. കൊച്ച്. അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനവും ക്ഷേമവുമായിരുന്നു ഇദേഹത്തിന്റെ വാക്കുകളിലും എഴുത്തിലും പ്രവൃത്തിയിലും എക്കാലവും നിറഞ്ഞുനിന്നത്.
ആദിവാസി ഭൂപ്രശ്നങ്ങളിലടക്കം നിരവധിയായ സമരങ്ങള്‍ക്ക് നേതൃത്വം നല്കിയ സംഘാടകനുമായിരുന്നു അദ്ദേഹം. മധുരവേലി കപിക്കാടുള്ള തൈത്തറയില്‍ കുഞ്ഞന്റെയും കുഞ്ഞുപെണ്ണിന്റെയും മകനായി പിറന്ന കെ.കെ. കൊച്ചിന്റെ പ്രാഥമിക വിദ്യാഭ്യാസം കല്ലറയിലെ എന്‍എസ്എസ് ഹൈസ്കൂളിലായിരുന്നു. പിന്നീട് തറവാടിനടുത്ത് കളത്തൂര്‍ എന്ന വീട്ടില്‍ ഇളയ നാല് സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കുമൊപ്പമായിരുന്നു താമസം.
എറണാകുളം മഹാരാജാസിലേക്ക് ഉന്നതപഠനത്തിനായി പോയതോടെയാണ് അദ്ദേഹം പൊതുരംഗത്തേക്ക് വന്നത്. സാമൂഹ്യ ജീവിതം ആരംഭിക്കുന്നത് വിദ്യാര്‍ഥി കാലഘട്ടത്തിലാണ്. ഇതിനിടെ കുടുംബം വയനാട്ടിലേക്ക് കുടിയേറി. പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം കടുത്തുരുത്തിയിലേക്ക് തിരികെയെത്തി.
തുടര്‍ന്ന് വെള്ളാശേരിക്ക് സമീപം തത്തപ്പള്ളിയില്‍ സ്ഥിരതാമസം തുടങ്ങി.
1970 മുതല്‍ ദളിത് പ്രസ്ഥാനങ്ങളുമായി ബന്ധപ്പെടാന്‍ തുടങ്ങി. കമ്യൂണിസ്റ്റ് യുവജനവേദി, ജനകീയ തൊഴിലാളി യൂണിയന്, മനുഷ്യാവകാശസമിതി എന്നീ സംഘടനകള്‍ രൂപവത്കരിക്കാന്‍ നേതൃത്വം നല്കി. 1986-ല്‍ സീഡിയന്‍ എന്ന സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സീഡിയന്‍ വാരികയുടെ പത്രാധിപരുമായിരുന്നു. 1977-ല്‍ കെഎസ്ആര്‍ടിസിയില്‍ ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. 2001-ല്‍ സീനിയര്‍ അസിസ്റ്റന്റായി വിരമിച്ചു.
ആനുകാലികങ്ങളിലും ടിവി ചാനല്‍ ചര്‍ച്ചകളിലും ദളിത്പക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചു.സംസ്ഥാന സര്‍ക്കാരിന്റെയടക്കം ഒട്ടനവധി പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. നാട്ടില്‍ നിലനിന്നിരുന്ന വ്യവസ്ഥിതിയോട് കലഹിച്ചു വേറിട്ട കാഴ്ചപ്പാട് അവതരിപ്പിക്കാനാണ് കെ.കെ. കൊച്ച് ശ്രമിച്ചത്. നിലനിന്നിരുന്ന വ്യവസ്ഥയെ വെല്ലുവിളിച്ച് നിരവധിയായ പുസ്തകങ്ങള്‍ എഴുതി.
സ്വന്തം നിലപാടുകളില്‍ ഉറച്ചുനിന്ന അദ്ദേഹം ദളിത് ചിന്തകള്‍ രൂപപ്പെടുത്തിയപ്പോഴും സാധാരണക്കാരുടെ ജീവിതത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന രീതിയില്‍ ഇടപെടുന്ന ബഹുമുഖ പ്രതിഭയായിരുന്നു. സ്വന്തം ചിന്തകള്‍ അവതരിപ്പിക്കുന്നതിനൊപ്പം സമൂഹത്തിലെ വിവിധങ്ങളായ വിഷയങ്ങളില്‍ ഇടപെട്ടിരുന്നുവെന്നതും അദ്ദേഹത്തിന്റെ പ്രത്യേകതയാണ്.