ആശങ്കകൾക്കു വിരാമമിട്ട് വീയപുരത്ത് നെല്ലുസംഭരണത്തിനു തീരുമാനമായി
1532645
Thursday, March 13, 2025 11:39 PM IST
ഹരിപ്പാട്: കിഴിവിനെച്ചൊല്ലിയുള്ള തര്‍ക്കം പരിഹരിച്ചതിനെത്തുടര്‍ന്ന് ഒരാഴ്ചയായി കര്‍ഷകര്‍ അനുഭവിച്ച ആശങ്കകള്‍ക്കു വിരാമമിട്ട് നെല്ലുസംഭരിക്കുന്നതിനുള്ള തീരുമാനമായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ഷാനവാസ്, പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍മാരായ അഞ്ജു ജോര്‍ജ്, എസ്. പ്രദീപ് വീയപുരം കൃഷി ഓഫീസര്‍ വിജി, മുണ്ടുതോട് പോളത്തുരുത്ത് പാടശേഖരസമിതി സെക്രട്ടറി സൈമണ്‍ ഏബ്രഹാം പാടശേഖര സമിതി പ്രതിനിധികളായ ഖമറുദ്ദീന്, എന്‍.എ. ബഷീര്‍കുട്ടി, ജയിംസ്, എസ്. ശ്രീകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയ്ക്ക് ഒടുവില്‍ ഒരു കിലോഗ്രാം നെല്ല് കിഴിവും ഈര്‍പ്പ പരിശോധനയില്‍ നനവ് കണ്ടെത്തിയാല്‍ ഉണക്കി നല്‍കണം എന്ന വ്യവസ്ഥയിലുമാണ് തീരുമാനം എടുത്തത്.
രണ്ടു മില്ലുകളുടെ നേതൃത്വത്തിലാണ് സംഭരണം നടക്കുന്നത്. വീയപുരം- എടത്വ റോഡില്‍ അടിച്ചേരി ഭാഗത്ത് ഇന്നലെ രാവിലെ പത്തു മണിയോടെ കര്‍ഷകരുടെ വലിയ പ്രതിഷേധമാണ് നടന്നത്.
ഈര്‍പ്പ രഹിതമായ നെല്ലിന് മൂന്നുകിലോ കിഴിവ് ആവശ്യപ്പെട്ടുകയും രണ്ടു കിലോ നല്‍കണമെന്ന് നിര്‍ബന്ധം പിടിക്കുകയും ചെയ്തിരുന്നു. ഇതിനെ കര്‍ഷകര്‍ എതിര്‍ത്തതോടെയാണ് സംഭരണം നടക്കാതിരുന്നത്. വരും ദിവസങ്ങളിലായി സംഭരണം ആരംഭിക്കും.