ഹൈമാസ്റ്റ് ലൈറ്റ് തെളിയാതെ ഒരുവർഷം: റീത്ത് വച്ചു പ്രതിഷേധം
1532642
Thursday, March 13, 2025 11:39 PM IST
പൂച്ചാക്കൽ: ഹൈമാസ്റ്റ് ലൈറ്റ് പ്രകാശിക്കാതായിട്ട് ഒരുവർഷം കഴിഞ്ഞു. നടപടി എടുക്കാത്തതിൽ യുവാക്കൾ പോസ്റ്റിൽ റീത്തുവച്ചു പ്രതിഷേധിച്ചു. പൂച്ചാക്കൽ പുതിയ പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഹൈമാസ്റ്റ് ലൈറ്റാണ് മിഴിയടഞ്ഞിട്ട് ഒരു വർഷം കഴിഞ്ഞത്. തൈക്കാട്ടുശേരി പഞ്ചായത്ത് നാലാം വാർഡിലാണ് ലൈറ്റ് സ്ഥിതി ചെയ്യുന്നത്.
ചേർത്തല-അരൂക്കുറ്റി റോഡിന്റെ ഭാഗവും പ്രദേശത്തെ അഞ്ചു റോഡുകൾ വന്നു ചേരുന്നതുമായ പ്രധാന സ്ഥലവും രാത്രി സമയങ്ങളിൽ നിരവധി ജനങ്ങൾ എത്തുന്നതുമായ ഇവിടെ ഇരുട്ടിലായിട്ട് അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പഞ്ചായത്തിലും മെംബ റോടും പരാതി പറഞ്ഞിട്ടും നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പ്രദേശത്തെ യുവാക്കൾ പോസ്റ്റിൽ റീത്ത് വച്ചത്. വെളിച്ചമില്ലാത്തിനാൽ പ്രദേശത്ത് തെരുവുനായ ശല്യം രൂക്ഷമാണ്. പഞ്ചായത്തിന്റെ പുതിയ ബജറ്റിൽ തെരുവ് വിളക്ക് തെളിക്കുന്നതിനുള്ള ഫണ്ട് ഉൾപ്പെടുത്തി എത്രയും വേഗം തെരുവുവിളക്കുകൾ നന്നാക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.