കൊല്ലം-തേനി ദേശീയപാത 183 വികസനം: സ്ഥലവിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കും
1532641
Thursday, March 13, 2025 11:39 PM IST
ചാരുംമൂട്: കൊല്ലം-തേനി ദേശീയപാത വികസനവുമായി ബന്ധപ്പെട്ടുള്ള സ്ഥലം ഏറ്റെടുക്കുന്നതിനുള്ള ദേശീയപാത ആക്ട് 1956 പ്രകാരമുള്ള മൂന്ന് ക്യാപിറ്റൽ എ നോട്ടിഫിക്കേഷൻ പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികൾ പൂർത്തിയായതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു.
കൊല്ലം കടവൂർ മുതൽ ആലപ്പുഴ ജില്ലയിലെ ആഞ്ഞിലിമൂട് വരെയുള്ള നിലവിലെ പാത കടന്നുപോകുന്ന വശങ്ങളിലെ ഭൂമി ഏറ്റെടുക്കുന്നതിനാണ് 3 ക്യാപിറ്റൽ എ നോട്ടിഫിക്കേഷൻ ഗസറ്റിൽ പ്രസിദ്ധീകരിക്കുന്നത്.
24 മീറ്റർ വീതിയിൽ നാലുവരിയായി പാത വികസനത്തിന് അന്തിമ അംഗീകാരം ആയതായും അദ്ദേഹം അറിയിച്ചു. കടവൂർ മുതൽ ആഞ്ഞിലിമൂട് വരെയുള്ള ദൂരത്തിൽ രണ്ടു റീച്ചുകളായി നടക്കുന്ന നിർമാണപ്രവർത്തനത്തിനായി യഥാക്രമം 950 കോടിയും 800 കോടി രൂപയുമാണ് പുനർനിർണയിച്ച് ആദ്യഘട്ടത്തിൽ കണക്കാക്കുന്നത്.
മാർച്ച് അഞ്ചിന് ഡൽഹിയിൽ കൂടിയ ദേശീയപാത വിഭാഗം ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ ദേശീയപാത ഡയറക്ടർ ജനറൽ അംഗീകാരം നൽകി ഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരത്തിനായി സമർപ്പിച്ചു കഴിഞ്ഞു.
ഈ സാമ്പത്തികവർഷം തന്നെ ഫിനാൻസ് ഡിപ്പാർട്ട്മെന്റിന്റെ അംഗീകാരം ലഭിക്കുമെന്നാണ് കരുതുന്നതെന്ന് എംപി പറഞ്ഞു. ചെങ്ങന്നൂർ മുതൽ കോട്ടയം ഐഡാ ജംഗ്ഷൻ വരെയുള്ള ദേശീയപാത വികസനത്തിനായി ഡിപിആർ തയാറാക്കുന്നതിനുള്ള ഏജൻസിയെ ക്ഷണിച്ചുള്ള നടപടികളിലേക്ക് ദേശീയപാത വിഭാഗം കടന്നിട്ടുണ്ട്. നിലവിൽ ഈ ഭാഗത്തെ റോഡിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ 36 കോടി രൂപ ചെലവിൽ നടന്നുവരികയാണ്. ചെങ്ങന്നൂർ വെള്ളാവൂർ ജംഗ്ഷൻ വരെയാണ് റീ ടാറിംഗ് നടത്തുന്നത്. ഏപ്രിൽ മാസത്തിൽ ഈ പ്രവർത്തികൾ പൂർത്തിയാകും.
പാതയുടെ ഭാഗമായി പാമ്പനാർ, വണ്ടിപ്പെരിയാർ, കുമളി എന്നിവിടങ്ങളിൽ ബൈപ്പാസ് ഉണ്ടായിരിക്കും.
ബൈപ്പാസുകളുടെ അലൈൻമെന്റിന്റെ അംഗീകാരം ഇതിനോടകം ലഭിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ ജില്ലകളിലെ പാത വികസനത്തിൽ നിലവിലുള്ള റോഡിലെ വളവുകൾ പരമാവധി നിവർത്തിയാകും നാലുവരിയായി വികസിപ്പിക്കുക.
ഭരണിക്കാവ് ജംഗ്ഷനെ ഒഴിവാക്കി വരുന്ന പാത ചക്കുവള്ളിയിൽ അടിപ്പാതയും വിഭാവനം ചെയ്യുന്നു.
അഞ്ചാലുംമൂട്, ചാരുംമൂട് എന്നിവിടങ്ങളിൽ ജംഗ്ഷൻ നവീകരണവും ഉണ്ടായിരിക്കുന്നതാണെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് എംപി വിളിച്ചുചേർത്ത ദേശീയപാത വിഭാഗം ഉദ്യോഗസ്ഥരുടെ യോഗത്തിൽ കേരള സൂപ്രണ്ടിംഗ് എൻജിനീയർ ശ്രീധരയുടെ നേതൃത്വത്തിലുള്ള എൻജിനീയറിംഗ് ഉദ്യോഗസ്ഥർ പങ്കെടുതു.