കാട്ടുപന്നികളെ വെടിവയ്ക്കാം; ഉത്തരവ് ഒരു കൊല്ലംകൂടി
1511442
Wednesday, February 5, 2025 11:06 PM IST
പത്തനംതിട്ട: ശല്യക്കാരായ കാട്ടുപന്നികളെ കൃഷിയിടങ്ങളിൽ വെടിവച്ചു കൊല്ലാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഒരുവർഷം കൂടി നീട്ടാൻ ധാരണ. കഴിഞ്ഞ നാലു വർഷത്തിലേറെയായി ഈ ഉത്തരവ് ഒരു വർഷം കണ്ട് നീട്ടിവരികയാണ്. നിലവിലെ ഉത്തരവിന്റെ കാലാവധി മേയ് 27നാണ് അവസാനിക്കുന്നത്. ഇതു നീട്ടാനുള്ള ശിപാർശ ചീഫ് വൈൽഡ് ലൈഫ് വാർഡൻ നൽകുന്നതോടെ വനം പ്രിൻസിപ്പൽ സെക്രട്ടറി ഉത്തരവിറക്കും.
കാർഷിക വിളകൾക്കും മനുഷ്യജീവനും ഭീഷണിയാകുന്ന കാട്ടുപന്നികളെ ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നവർക്ക് വെടിവച്ചുകൊല്ലാൻ അനുമതി നൽകുന്നതാണ് ഉത്തരവ്. ബന്ധപ്പെട്ട തദ്ദേശ സ്ഥാപന അധ്യക്ഷന്റെ അനുമതിയോടെയാണ് വെടിവയ്ക്കേണ്ടത്. ലൈസൻസുള്ള തോക്ക് ഉപയോഗിക്കുന്നവരെ അതത് തദ്ദേശ സ്ഥാപനങ്ങൾ എംപാനൽ ചെയ്ത് ഉത്തരവ് നൽകണം. കൊല്ലപ്പെടുന്ന കാട്ടുപന്നിക്കും വെടിവച്ചയാൾക്ക് 1000 രൂപ പ്രതിഫലമായി പഞ്ചായത്തുകൾ നൽകണമെന്നാണ് വ്യവസ്ഥ. കാട്ടുപന്നിയുടെ ജഡം മറവു ചെയ്യേണ്ടത് തദ്ദേശ സ്ഥാപനത്തിന്റെ ചെലവിലായിരിക്കും.
ക്ഷുദ്രജീവിയെന്ന് സംസ്ഥാനം,
അല്ലെന്ന് കേന്ദ്രം
കാട്ടുപന്നിയെ ക്ഷുദ്രജീവി ഗണത്തിൽപ്പെടുത്തിയാണ് സംസ്ഥാനം ഇവയെ വെടിവയ്ക്കാൻ അനുമതി നൽകുന്നത്. എന്നാൽ, ഇത് താത്കാലിക നടപടി മാത്രമാണ്. നിലവിൽ കാട്ടുപന്നിയ്ക്ക് കേന്ദ്ര വനംനിയമത്തിൽ സംരക്ഷണമുണ്ട്. സംരക്ഷിക്കപ്പെടേണ്ട മൃഗങ്ങളുടെ പട്ടികയിലാണ് ഇവയുടെ സ്ഥാനം. ക്ഷുദ്രജീവി ഗണത്തിലേക്ക് കേന്ദ്ര സർക്കാർ ഉത്തരവ് നൽകിയാൽ ഇവയെ നശിപ്പിക്കാൻ കർഷകനു സാധിക്കും. ഇതു സാധ്യമായെങ്കിലേ കാട്ടുപന്നിയുടെ വംശവർധന തടയാനാകൂ. നിരവധി കർഷക സംഘടനകളും ജനപ്രതിനിധികളും ഇക്കാര്യം ഉന്നയിച്ച് സംസ്ഥാന സർക്കാരിനു നിവേദനം നൽകിയതിനേ തുടർന്ന് കേന്ദ്രത്തിലേക്ക് ശിപാർശ നൽകിയെങ്കിലും മടക്കി.
പകരമായാണ് ശല്യക്കാരായ കാട്ടുപന്നികളെ മാത്രം വെടിവയ്ക്കാൻ നിർദേശം നൽകിയത്. ഉത്തരവ് നടപ്പായി നാലു വർഷത്തിലേറെയായിട്ടും 5000 കാട്ടുപന്നികളെ മാത്രമാണ് വെടിവച്ചതെന്നാണ് വനംവകുപ്പിന്റെ കണക്ക്. 2020ലാണ് ഉത്തരവ് ആദ്യമായി നടപ്പാക്കി തുടങ്ങിയത്.
ബാധ്യത ഏറ്റെടുക്കാനാകാതെ
പഞ്ചായത്തുകൾ
കാട്ടുപന്നികളെ വെടിവയ്ക്കാനുള്ളവരെ കണ്ടെത്തി പരിശീലനം നൽകി വനംവകുപ്പ് സഹായത്തോടെ നടപ്പാക്കാനുള്ള ചുമതല തദ്ദേശസ്ഥാപനങ്ങൾക്കാണ് നൽകിയിട്ടുള്ളത്. നേരത്തെ വനം ഉദ്യോഗസ്ഥർക്കുണ്ടായിരുന്ന അധികാരം കൂടി പഞ്ചായത്ത് അധ്യക്ഷർക്ക് നൽകി. ഇതനുസരിച്ച് കാട്ടുപന്നികളെ വെടിവയ്ക്കാൻ പ്രസിഡന്റുമാർക്ക് അനുമതി നൽകാനാകും. എന്നാൽ തോക്ക് ലൈസൻസുള്ളവരെ കണ്ടെത്തി നിയോഗിക്കുന്നതു മുതലുള്ള ബാധ്യതകൾ തദ്ദേശ സ്ഥാപനത്തിനാണ്. വെടിവച്ചിടുന്ന ഓരോ പന്നിക്കും നൽകേണ്ടത് 1000 രൂപയാണ്. പല പഞ്ചായത്തുകളിലും പ്രതിഫലം ലഭിക്കുന്നതേയില്ല. നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ഒരു പന്നിയുടെ ജഡം പെട്രോളൊഴിച്ച് കത്തിച്ചു കുഴിച്ചു മൂടണമെങ്കിലും ചെലവേറെയാണ്. ഓരോ പഞ്ചായത്തിലും കുറഞ്ഞത് മൂന്നുപേരെങ്കിലും ഉണ്ടാകും.
ലൈസൻസുള്ളവരെയും കിട്ടാനില്ല
തോക്ക് ലൈസൻസുള്ളവരെ കിട്ടാത്തതാണ് പഞ്ചായത്തുകൾ നേരിടുന്ന മറ്റൊരു പ്രതിസന്ധി. സമീപ പഞ്ചായത്തുകളിലുള്ളവരെ ഉൾപ്പെടുത്തിയാണ് പലയിടത്തും പാനൽ തയാറാക്കിയത്. പുതുതായി തോക്ക് ലൈസൻസ് ലഭിക്കാനും ബുദ്ധിമുട്ടായി. റൈഫിൽ ക്ലബിൽ അംഗത്വം നേടിയവർക്കാണ് ഇപ്പോൾ ലൈസൻസ്. അംഗത്വം ലഭിക്കുന്നതിന് ഷൂട്ടിംഗ് പരിശീലനം നേടണം. ഇതിനായി അംഗീകൃത സ്ഥാപനങ്ങളുടെ കുറവുണ്ട്.
പോലീസ് ട്രെയിനിംഗ് കോളജിൽ സാധാരണക്കാർക്ക് പ്രവേശനവുമില്ല. റൈഫിൾ ക്ലബ് അംഗത്വം നേടണമെങ്കിലും വൻതുക നൽകണം. പ്രതിസന്ധി ഏറെയുള്ളതിനാൽ കാട്ടുപന്നിയെ വെടിവച്ചിട്ടു ശല്യം കുറയ്ക്കാമെന്നത് അപ്രായോഗികമാണെന്ന വിലയിരുത്തലാണ് കർഷക സംഘടനകൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കുമുള്ളത്.