ഒഴുക്കില്‍പ്പെട്ടു കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
1544346
Tuesday, April 22, 2025 2:01 AM IST
റാന്നി: പമ്പാനദിയില്‍ കുളിക്കുന്നതിനിടയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തെങ്കാശി സ്വദേശി കാര്‍ത്തികിന്റെ (22) മൃതദേഹമാണ് അങ്ങാടി പുല്ലൂപ്രം വരൂര് മാരാതോട്ടത്തില് കടവില്‍നിന്നു ഫയര്‍ഫോഴ്സിന്റെ സ്കൂബാ ടീം നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. റാന്നി ഇട്ടിയപ്പാറ ടൗണില്‍ ബൈപാസ് ജംഗഷനില്‍ സൈക്കിള്‍വണ്ടി ചായക്കടയില്‍ ജോലിചെയ്തു വരികയായിരുന്നു കാര്‍ത്തിക്.
ഞായറാഴ്ച ഉച്ചയോടെയാണ് കാര്‍ത്തിക്കും രണ്ടു കൂട്ടുകാരും ചേര്‍ന്ന് ഭഗവതിക്കുന്ന് ക്ഷേത്രക്കടവിനു മുകളില്‍ തോമ്പില്ക്കടവിലെത്തിയത്. നദിയില്‍ കുളിക്കുന്നതിനിടെ കാര്‍ത്തിക്കിനെ കാണാതാകുകയായിരുന്നു. പോലീസും ഫയര്‍ഫോഴ്സും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്നലെ രാവിലെ തെരച്ചില്‍ പുനരാരംഭിക്കുകയായിരുന്നു. വൈകുന്നേരം നാലോടെയാണ് മൃതദേഹം കണ്ടെത്തിയത്.