ഹോണ്‍ അടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കം: അഞ്ചു പേര് അറസ്റ്റില്‍
1544647
Wednesday, April 23, 2025 3:45 AM IST
പത്തനംതിട്ട: ഓട്ടോറിക്ഷയുടെ ഹോണ്‍ അടിച്ചതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ കമ്പിവടി കൊണ്ട് തലയ്ക്കടിച്ചു ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ അഞ്ചുപേരെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു.
ആറന്മുള ഇടശ്ശേരിമല അഖിൽ (32), ആറന്മുള ഇടശേരിമല മേലെ വലക്കടവില്‍ വീട്ടില്‍ പൈങ്കിളി എന്ന നിഖില്‍ ശശി(33), ആറന്മുള ഇടശേരി മല പാപ്പാട്ട് തറയില്‍ വീട്ടില്‍ മനോജ്(53), പാപ്പാട്ട് തറയില്‍ വീട്ടില്‍ പ്രസാദ്(59), ആറന്മുള ഇടശേരിമല, അഭിലയം വീട്ടില്‍ അഭിഷേക്( 29) എന്നിവരാണ് അറസ്റ്റിലായത്. ആറന്മുള ഇടശേരിമല പാപ്പാട്ട് തറയില്‍ വീട്ടില്‍ അനൂപ്, മകന് അതുല്‍ അനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
കമ്പിവടിക്കുള്ള അടിയേറ്റ് തലയ്ക്ക് ഉള്ളില്‍ രക്തസ്രാവമുണ്ടായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ചികിത്സയിലാണ് അനൂപ്. 19ന് രാത്രി 11.30ന് കുളമാപ്പുഴിയിലാണ് സംഭവം.
തന്റെ ഓട്ടോറിക്ഷയുടെ ഹോണ്‍ അടിച്ചതിനെ ചൊല്ലി അനൂപുമായി പ്രതികള്‍ തര്‍ക്കം ഉണ്ടാവുകയും, അസഭ്യംവിളിക്കുകയും തുടര്‍ന്ന് ആക്രമിക്കുകയുമായിരുന്നു.
അനൂപിന്റെ മകന് അതുലിന്റെ മൊഴിയനുസരിച്ചാണ് ആറന്മുള പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.