ധീരമായ നിലപാടുകളില്‍ ശ്രദ്ധേയനായ മാര്‍പാപ്പ: ആര്‍ച്ച്ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ്
1544349
Tuesday, April 22, 2025 2:01 AM IST
ലളിതമായ ജീവിത ശൈലിയില്‍ ധീരമായ നിലപാടുകളെടുത്തിരുന്ന മാര്‍പാപ്പയാണ് നമ്മോടു വിടപറഞ്ഞത്. കാരുണ്യത്തിന്റെയും, വിനയത്തിന്റെയും, സ്നേഹത്തിന്റെയും ആള്‍രൂപമായിരുന്നു അദ്ദേഹം. എല്ലാ ജനവിഭാഗത്തെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും ചരടില്‍ കോര്‍ത്തിണക്കാന്‍ പാപ്പയ്ക്കു കഴിഞ്ഞു. ലോക സമാധാനത്തിനു വേണ്ടി അക്ഷീണം യത്നിച്ച മാനവികതയുടെ മുഖമായിരുന്നു. പ്രകൃതിയെയും മനുഷ്യനെയും ഒരുപോലെ സ്നേഹിക്കണമെന്ന് പഠിപ്പിച്ചു.
വ്യക്തിപരമായി പല അവസരങ്ങളില്‍ ഫ്രാന്‍സിസ് പാപ്പയെ കാണാനും സ്നേഹവും സന്തോഷവും ഇറ്റാലിയന്‍ ഭാഷയില്‍ പങ്കുവയ്ക്കാനും ഞങ്ങള്‍ക്കു കഴിഞ്ഞിരുന്നു. എന്നെ ഏറ്റവും സ്വാധീനിച്ച ഒരു രംഗം മനസിലേക്കു വരുന്നു... ശരീരമാസകലം മുഴകൊണ്ടു നിറഞ്ഞ ഒരാളെ ദൂരെക്കണ്ടപ്പോള് പാപ്പ അടുത്തുചെന്ന് കെട്ടിപ്പിടിച്ച് ചുംബിച്ച ആ രംഗം എന്നെ വളരെയേറെ സ്പര്‍ശിച്ചിരുന്നു. അദ്ദേഹത്തിന്റെ വാക്കുകള്‍ നമ്മെ വെല്ലുവിളിച്ചിരുന്നു. പരമ്പരാഗതമായ ശൈലികള്‍ പലതും തച്ചുടച്ചുകൊണ്ട് പുതിയ സ്നേഹത്തിന്റെ ആത്മീയതയുടെ പാത നമുക്കായി തുറന്നുതന്നിട്ടാണ് മഹായിടയന് യാത്രയാകുന്നത്.
കരുണയുടെ അപ്പസ്തോലന്: ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്
പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ കരുണയുടെ അപ്പസ്തോലനായിരുന്നു. അദ്ദേഹത്തിന്റെ സഭാ ശുശ്രൂഷയില്‍ ഉടനീളം പിതാവ് ഉയര്‍ത്തിപ്പിടിച്ചത് കരുണയാണ്. ദൈവകരുണയെപ്പറ്റി വാചാലതയോടുകൂടി അദ്ദേഹം പഠിപ്പിച്ചു. ജാതി-മത വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരോടും കരുണകാണിക്കാന്‍ വിശേഷിച്ച് പ്രവാസികളോടും സ്വവര്‍ഗ അനുരാഗികളോടും പാര്‍ശ്വവത്കരിക്കപ്പെട്ടവരോടും സമൂഹത്തിന്റെ അതിരുകളില്‍ നില്ക്കാന് മാത്രം വിധിക്കപ്പെട്ടവരോടും ചേര്‍ന്നുനിന്ന് തന്റെ അജപാലന ശുശ്രൂഷ നിര്‍വഹിക്കാനും അവരിലേക്കു ദൈവകരുണ പകര്ന്നുകൊടുക്കനും പരിശുദ്ധ പിതാവിന് സാധിച്ചു. കരുണയുടെ അസാധാരണ ജൂബിലിവര്‍ഷം പ്രഖ്യാപിച്ച മാര്‍പാപ്പ ദൈവകരുണയെപ്പറ്റി ധാരാളം എഴുതുകയും ചെയ്തു.
ഇസ്ലാമിക രാജ്യങ്ങള്‍ സന്ദര്‍ശിക്കാനും അവിടെയുള്ള അക്രൈസ്തവ സഹോദരങ്ങളോടു ഹൃദയബന്ധം പുലര്‍ത്താനും അദ്ദേഹം എടുത്ത ചുവടുവയ്പുകള്‍ എക്കാലവും സ്മരിക്കപ്പെടുന്നവയാണ്. 2021ല്‍ അദ്ദേഹം ഇറാക്ക് സന്ദര്‍ശിച്ചപ്പോള്‍ ലഭിച്ച സ്വീകരണം ലോകത്തിന് അദ്ഭുതമായിരുന്നു. അതോടൊപ്പം കത്തോലിക്കാ സഭയുടെ സാര്‍വത്രിക മാനം ഉയര്‍ത്തിക്കാണിക്കാന്‍ എപ്പോഴും അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു. യൂറോപ്പ് കേന്ദ്രീകൃതമായ ഒരു സഭയില്‍നിന്ന് മൂന്നാം ലോകത്തെ കൂടി വിശേഷിച്ച് ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളെയും ആഫ്രിക്കന്‍ ഭൂഖണ്ഡത്തെയും കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് സഭയുടെ സാര്‍വത്രികത ഊട്ടിയുറപ്പിക്കാന്‍ പരിശുദ്ധ പിതാവിന് സാധിച്ചു.
മതിലുകളല്ല പണിയേണ്ടത് വാതിലുകളാണെന്ന് അദ്ദേഹം നിരന്തരം ഓര്‍മിപ്പിച്ചു. ആടുകളുടെ മണമുള്ള ഇടയന്മാരാകാന്‍ വൈദികരെ ഉദ്ബോധിപ്പിച്ചു. അല്മായരെയും അതില്‍ പ്രത്യേകമായി സ്ത്രീകളെയും ശ്രവിക്കുന്നതിനും അവരുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളുന്നതിനും വലിയ താത്പര്യം പ്രകടിപ്പിച്ചു. റോമില്‍ പോയ അവസരത്തില്‍ പരിശുദ്ധ പിതാവിനെ നേരില്‍ കാണാനും സംസാരിക്കാനും ആശിര്‍വാദം സ്വീകരിക്കാനും സാധിച്ച സന്ദര്‍ഭം ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന അസുലഭമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ്. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ആയിരിക്കുന്നതുതന്നെ പറഞ്ഞറിയിക്കാനാകാത്ത ആനന്ദം നല്കുന്ന സന്ദര്‍ഭമാണ്.
പത്തനംതിട്ട രൂപതാധ്യക്ഷനായി ഞാന്‍ ശുശ്രൂഷ ആരംഭിക്കുന്നതും പരിശുദ്ധ പിതാവിന്റെ അുഗ്രഹ ആശിര്‍വാദങ്ങളോടെയാണ് എന്നുള്ളത് ഏറെ കൃതജ്ഞതയോടെ ഞാന്‍ അനുസ്മരിക്കുകയും പിതാവിന്റെ ദേഹവിയോഗത്തിലുള്ള അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും ചെയ്യുന്നു.
ഒരു സുഹൃത്തിനെപ്പോലെ ഇടപെടുന്ന അനുഭവം: മാര്‍ പെരുന്തോട്ടം
ഫ്രാന്‍സിസ് മാര്‍പാപ്പയെ പല പ്രാവശ്യം അടുത്തുകണ്ടു സംസാരിക്കാന്‍ ഭാഗ്യമുണ്ടായി. വച്ചുകെട്ടൊന്നുമില്ലാത്ത സമീപനമായിരുന്നു പരിശുദ്ധ പിതാവിന്റേത്. ഒരിക്കല്‍ സ്വകാര്യമുറിയില്‍ വ്യക്തിപരമായി അനുവദിച്ചുകിട്ടിയ കൂടിക്കാഴ്ചയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പയോടുള്ള എന്റെ ആദരവും സ്നേഹവും ആഴപ്പെട്ടത്. മറ്റുള്ളവരെ കേള്‍ക്കാനും ആവശ്യങ്ങള്‍ അറിയാനും ഒരു ശുശ്രൂഷകനെപ്പോലെ തനിക്കു സാധിക്കുന്ന കാര്യങ്ങള്‍ ചെയ്തു സഹായിക്കാനും സന്നദ്ധനായ ഒരുത്തമ മനുഷ്യസ്നേഹിയെ പാപ്പായില്‍ കാണാന്‍ കഴിഞ്ഞു.
എല്ലാ വിഭാഗീയതകള്ക്കുമുപരിയായി ലോകത്തിലെങ്ങും സമാധാനവും മാനവസാഹോദര്യവും പുലരണമെന്നു പരിശുദ്ധ പിതാവ് അതിയായി ആഗ്രഹിച്ചു. അതിനായി ശബ്ദിച്ചു. അവസാനനിമിഷംവരെയും അതിനുവേണ്ടി നിലകൊണ്ടു. മാര്‍പാപ്പ സുഖം പ്രാപിക്കുന്നവെന്ന് എല്ലാവരും ആശ്വസിച്ചിരിക്കെ, തികച്ചും അപ്രതീക്ഷിതമായി നിത്യതയിലേക്കു യാത്രയായി. മനുഷ്യഹൃദയങ്ങളില്‍ ഇടംനേടിയ അത്യപൂര്‍വ മനുഷ്യസ്നേഹി കളില്‍ പ്രഥമനിരയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.
സുവിശേഷത്തിന്റെ സര്‍ഗാത്മക മുഖം: മാര്‍ തോമസ് തറയില്‍
ഈസ്റ്റര്‍ ദിനത്തില്‍ ലോകത്തെ മുഴുവന്‍ ആശീര്‍വദിച്ചശേഷം പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പ നമ്മില്‍നിന്നും വേര്‍പിരിഞ്ഞിരിക്കുകയാണ്. പരിശുദ്ധ പിതാവിന്റെ വിയോഗത്തില്‍ സഭാംഗങ്ങളെല്ലാം ദുഃഖിതരാണ്. ഈ കാലഘട്ടത്തില്‍ കത്തോലിക്കാ സഭയെ ഏറ്റവും ജനകീയമായി അവതരിപ്പിച്ച വ്യക്തിയാണ് അദ്ദേഹം.
ക്രൈസ്തവ സന്ദേശത്തെ ലോകത്തിന് ഉള്‍ക്കൊള്ളാനാവുന്ന രീതിയില്‍ അദ്ദേഹം അവതരിപ്പിച്ചു. വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്നു എന്നു കരുതുന്ന ഒരു കാലഘട്ടത്തില്‍ കത്തോലിക്കാ സഭയെ ഏറ്റവും പ്രസക്തമായി നിര്‍ത്താന്‍ അദ്ദേഹത്തിന്റെ നേതൃത്വത്തിനു കഴിഞ്ഞു. കോവിഡ് കാലത്ത് അടഞ്ഞുകിടന്ന ലോകം പാപ്പായെ ശ്രവിച്ചു. അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ അനേകര്‍ക്കു പ്രത്യാശ പകരുന്നതായിരുന്നു. സുവിശേഷത്തിന്റെ ആനന്ദത്തെക്കുറിച്ച് പരിശുദ്ധ പിതാവ് നിരന്തരം സംസാരിച്ചിരുന്നു.
ഈശോയെ അറിഞ്ഞവരെല്ലാം ആനന്ദത്തോടെ ജീവിക്കണമെന്ന് അദ്ദേഹം ആഗ്രഹിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അരികുകളിലുള്ളവരിലേക്ക് സഭ കടന്നുചെല്ലണം എന്ന ശക്തമായ പ്രബോധനം അദ്ദേഹം നല്കി. സഭ എല്ലാവരോടും തുറവിയുള്ളവളാകണം എന്ന ചിന്തയോടുകൂടെ വത്തിക്കാന്റെ പല വകുപ്പുകളുടെയും തലപ്പത്ത് വനിതകളെ നിയമിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധ പുലര്‍ത്തി. അദ്ദേഹത്തെ നാലു പ്രാവശ്യം സന്ദര്‍ശിക്കാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു.
ലാളിത്യത്തിന്റെയും കാരുണ്യത്തിന്റെയും വലിയ ഇടയന്: മാര്‍ത്തോമ്മ മെത്രാപ്പോലീത്ത
തിരുവല്ല: ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദേഹവിയോഗം ക്രൈസ്തവ ലോകത്തിന് ഒരു തീരാനഷ്ടമാണ്. ലോകം മുഴുവന്‍ അറിയപ്പെട്ടതും ആദരിച്ചതുമായ ഒരു ആത്മീയ ഇടയാനായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ അവഗണനയും പീഡനങ്ങളും അനുഭവിക്കുന്ന ജനതയുടെ പക്ഷം ചേര്‍ന്ന് യഥാര്‍ഥ ക്രൈസ്തവികതയിലധിഷ്ഠിതമായി പ്രവര്‍ത്തിച്ച ഇടയശ്രേഷ്ഠനായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പാ. വാക്കിലും പ്രവൃത്തിയിലും വ്യത്യസ്ഥതകളുടെ വലിയ ഇടയനായിരുന്നു അദ്ദേഹം. ലോകസമാധാനത്തിനായി അക്ഷീണം പ്രവര്‍ത്തിക്കുകയും സംഘര്‍ഷ ഇടങ്ങളില്‍ സമാധാന ദൂതനായി നിലകൊള്ളുകയും ചെയ്തു.
ധാര്‍മികതയില്‍ അധിഷ്ഠിതമായ അതിശക്തമായ നിലപാടുകളിലൂടെ ലോകത്തിന് വ്യത്യസ്തമായ കാഴ്ചപ്പാടും ദര്‍ശനവും നല്കി. ഒരു സാധാരണക്കാരനായി ജീവിക്കുകയും സാധുക്കളോടുള്ള പ്രത്യേക കരുതല്‍ ജീവിതശൈലിയുടെ ഭാഗമാക്കുകയും ചെയ്തു.
ഫ്രാന്‍സിസ് മാര്‍പാപ്പായുടെ ദേഹവിയോഗത്തില്‍ മലങ്കര മാര്‍ത്തോമ്മ സുറിയാനി സഭയുടെ അനുശോചനം രേഖപ്പെടുത്തുന്നു.