വിനയംകൊണ്ട് ഹൃദയംതൊട്ട സ്നേഹം
1544351
Tuesday, April 22, 2025 2:01 AM IST
മലങ്കര ഓർത്തഡോക്സ് സഭയുടെ ശുശ്രൂഷകൻ എന്ന നിലയിൽ കൈവന്ന അസുലഭ സൗഭാഗ്യമാണ് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ചക്കുണ്ടായ അവസരം. 2023 സെപ്റ്റംബറിലാണ് ബസേലിയോസ് മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടെ പ്രതിനിധി സംഘത്തിന്റെ ഭാഗമായി വത്തിക്കാൻ സന്ദർശിച്ചത്.
വിനയത്തിന്റെയും സ്നേഹത്തിന്റെയും ആൾരൂപമായ പരിശുദ്ധ പിതാവിന്റെ ലാളിത്യവും നിർമലതയും ഹൃദയത്തെ സ്പർശിച്ചു. ഒരു രാജ്യത്തിന്റെ ഭരണാധികാരിയും ലോകം പ്രഥമ സ്ഥാനം നൽകി ആദരിക്കുന്ന ആത്മീയ നേതാവുമായ ആ പിതാവ് തന്റെ പ്രായവും ശാരീരിക ബലഹീനതകളും മറന്ന് നൽകിയ ആതിഥ്യം കേവലം അതിഥിസത്കാരത്തിന്റെ പെരുമാറ്റ മര്യാദ ആയിരുന്നില്ല. അതായിരുന്നു ആ പിതാവിന്റെ സ്ഥായീഭാവം.
എല്ലാവർക്കുമൊപ്പം പൊതു ഭക്ഷണ ശാലയിൽ സുസ്മേരവദനനും വിനയാന്വിതനുമായി നിന്ന ഫ്രാൻസിസ് മാർപാപ്പയുടെ മുഖത്തു വിളങ്ങിയത് സ്നേഹനിലാവായിരുന്നു. സ്വജീവിതംകൊണ്ട് ദൈവത്തിനും ലോകത്തിനും അർച്ചന സമർപ്പിച്ച ആ പിതാവ് സന്യാസമെന്തെന്ന് ജീവിച്ചു മാതൃക കാട്ടി. സമർപ്പണ ജീവിതത്തിന്റെ സായുജ്യം അനുഭവിച്ച് അതിന്റെ പ്രഭ ലോകത്തിനു നൽകിയ മാർപാപ്പ എന്റെ ജീവിതാകാശത്തിലും സ്നേഹത്തിന്റെ പ്രകാശം പരത്തി.
ലാളിത്യത്തിന്റെയും സഹോദര്യത്തിന്റെയും പര്യായമായി ലോക സമാധാനത്തിനും മാനവ സേവനത്തിനും നൽകിയ സംഭാവനകൾ ഇതിഹാസ തുല്യമാണ്. വിപ്ലവകരവും പുരോഗമനപരവുമായ വഴികളിലൂടെ സഞ്ചരിക്കുമ്പോഴും അടിസ്ഥാന പ്രമാണങ്ങളിൽ അടിയുറച്ച ബോധ്യം ധീരതയോടെ പ്രകടിപ്പിച്ച പിതാവ് ഈ പുതുയുഗത്തിൽ നേരിന്റെ പാത തെളിച്ചു. ലാളിത്യം ഫ്രാൻസിസ് മാർപാപ്പയുടെ രചനകളേക്കാൾ വാചാലമായത് ജീവിതത്തിലായിരുന്നു. പിറ്റേന്ന് വത്തിക്കാനിൽനിന്ന് യാത്രതിരിക്കുന്നതിനു മുൻപ് ആ പിതാവുമൊത്തൊരു ചിത്രം പകർത്താൻ എനിക്കാഗ്രഹമുണ്ടായി. സ്നേഹത്തോടെ ചാരത്തു നിർത്തിയ ആ പിതാവ് ഏറെനേരം എന്റെ കരം പിടിച്ചുനിന്നു. പക്ഷേ, അതിനും മുൻപ് ആ പരിശുദ്ധ പിതാവ് എന്റെ ഹൃദയത്തെ സ്പർശിച്ചിരുന്നു.
(മലങ്കര ഓർത്തഡോക്സ് സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിക്കുന്നു)