നാടോടി സ്ത്രീ കസ്റ്റഡിയില്‍ : കൊല്ലത്തുനിന്നു കാണാതായ മൂന്നര വയസുകാരിയെ കെഎസ്ആര്‍ടിസി ബസില്‍ കണ്ടെത്തി
1544654
Wednesday, April 23, 2025 3:45 AM IST
പന്തളം: കൊല്ലത്ത് അമ്മയ്ക്കൊപ്പം ബീച്ചിലെത്തിയ മൂന്നര വയസുകാരിയെ തമിഴ്നാട് സ്വദേശിനി തട്ടിയെടുത്തു. കടത്തിക്കൊണ്ടുപോകുംവഴി കെഎസ്ആർടിസി ബസ് ജീവനക്കാർക്ക് തോന്നിയ സംശയം മാതാവിന് കുട്ടിയെ തിരികെ കിട്ടാൻ കാരണമായി. കൊല്ലം കുന്നിക്കോട് വിളക്കുടി വാഹിദാ മൻസിൽ സിയാനയെയാണ് തമിഴ്നാട് സ്വദേശിനി തട്ടിയെടുത്തത്. തന്റെ പേര് ദേവി എന്നാണ് ഇവർ പോലീസിനോട് പറഞ്ഞിരിക്കുന്നത്.
തിങ്കളാഴ്ച വൈകുന്നേരം മാതാവ് സാഹിറിക്കൊപ്പം സിയാന കൊല്ലം ബീച്ചിൽ എത്തിയതാണ്. തുടർന്ന് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വച്ച് കുട്ടിയ കാണാതായി. വിവരം അവർ തിങ്കളാഴ്ച രാവിലെയാണ് പോലീസിൽ അറിയിച്ചത്.
ഇതിനിടെ തട്ടിയെടുത്ത കുട്ടിയുമായി തമിഴ്നാട് സ്വദേശിനി കൊട്ടാരക്കരയിൽനിന്നും എറണാകുളത്തേക്ക് പോവുകയായിരുന്ന ചെങ്ങന്നൂർ ഡിപ്പോയിലെ കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസിൽ കയറി. ഉച്ചയ്ക്ക് 12.30ന് പന്തളത്തിന് സമീപത്തു നിന്നും പെൺകുഞ്ഞുമായി ബസിൽ കയറിയ തമിഴ്നാട് സ്വദേശിനി 30 രൂപനൽകിയശേഷം തൃശൂരിലേക്ക് ടിക്കറ്റ് ആവശ്യപ്പെടുകയായിരുന്നു.
ഇവരുടെ പെരുമാറ്റത്തിലും കുഞ്ഞുമായുള്ള സാദൃശ്യത്തിലും സംശയം തോന്നിയ കെഎസ്ആർടിസിയിലെ കണ്ടക്ടർ പന്തളം പോലീസ് സ്റ്റേഷനിൽ ഇരുവരെയും എത്തിക്കുകയായിരുന്നു.
ചോദ്യം ചെയ്യലിൽ കുട്ടിയെ തട്ടിയെടുത്തതാണ് എന്ന് വ്യക്തമായി. കളിപ്പാട്ടങ്ങളും ബിസ്ക്കറ്റുകളും വാങ്ങി നൽകി പോലീസ് കുഞ്ഞിനെ പന്തളം പോലീസ് സ്റ്റേഷനിൽ സംരക്ഷിച്ചു വരികയാണ്. കുന്നിക്കോട്ടുള്ള ബന്ധുക്കളെ വിവരമറിയിച്ചു.