മാര്‍പാപ്പയുടെ സ്മരണകളില്‍ നിറഞ്ഞ് യശോധര പണിക്കര്‍
1544350
Tuesday, April 22, 2025 2:01 AM IST
അടൂര്‍: ആധ്യാത്മിക സൗന്ദര്യം കൊണ്ട് ദൈവം അനുഗ്രഹിച്ച ലോകത്തിലെ ഏറ്റവും വലിയ ദേവാലയമായ വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്ക, കൊത്തുപണികളാല്‍ സമ്പന്നമായ ദേവാലയത്തില്‍ ഏതു ഭാഗത്തും വന്‍ തിരക്ക്, കാല് കിലോമീറ്ററോളം നീളം, ഒമ്പതുനില കെട്ടിടത്തിന്റെ ഉയരമുള്ള അള്‍ത്താര, വെള്ള മാര്‍ബിളില്‍ രചിച്ച ആധ്യാത്മിക കവിത പോലെ മൈക്കലാഞ്ചലോ സൃഷ്ടിച്ച ലോകപ്രശസ്തമായ പിയാത്ത എന്ന ശില്പ കവിത. മകുടത്തിന്റെ ചുവട്ടില്‍ വിശേഷ അവസരങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന മാര്‍പാപ്പ.
തണുപ്പാര്‍ന്ന മാര്‍ബിള്‍ പ്രതലത്തിലൂടെ മിടിക്കുന്ന ഹൃദയത്തോടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചാരത്തേക്ക് എത്തിയ വി.എസ്. യശോധര പണിക്കര്‍, കൈമുത്തിയപ്പോള്ത്തന്നെ അനുഭവിക്കാനായത് ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങിയ ആത്മീയ ചൈതന്യമാണ്. അടൂർ പന്നിവിഴ വടക്കേക്കര വീട്ടില്‍ വി. എസ്. യശോധര പണിക്കര്‍ക്ക് അത് ആത്മീയ നിര്‍വൃതിയുടെ നിമിഷങ്ങളായിരുന്നു.
ഗുരുദേവ പ്രചാരകനായ പണിക്കര്‍ തന്റെ ആദര്‍ശ വഴിയില്‍ ജാതി-മത വര്‍ണ വ്യത്യാസമില്ലാതെ ഏക സഹോദരന്മാരെപ്പോലെ കരുതുന്നതില്‍ എന്നും മുന്‍നിരയിലായിരുന്നു. അതുതന്നെയാണ് ലോകമത സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള ഇന്ത്യയില്‍നിന്നുള്ള സംഘത്തില്‍നിന്ന് പണിക്കരും ഉള്‍പ്പെട്ടത്.
പത്തനംതിട്ട ജില്ലയില്‍ ഈ സമ്മേളനത്തില്‍ പങ്കെടുക്കുന്ന ഏക വ്യക്തിയും ഇദ്ദേഹമായിരുന്നു. സാമൂഹിക സാംസ്കാരിക രംഗങ്ങളില്‍ കുടുംബത്തോടൊപ്പം തന്നെ സജീവസാന്നിധ്യം പങ്കുവയ്ക്കാറുള്ള പണിക്കാര് ഇതര സഹോദര മതസംഘടനകളുടെയും ആത്മീയ കൂട്ടായ്മയിലും സജീവമാണ്. ചെറുപ്രായത്തില്‍ തന്നിലേക്ക് സ്വാധീനിക്കപ്പെട്ട ഗുരുവിന്റെ വാക്കുകള്‍ ആയിരുന്നു ആത്മീയ സാമൂഹിക സാംസ്കാരിക മേഖലയിലുള്ള തന്റെ യാത്രയ്ക്കു കൈമുതല്‍ ആയതെന്ന് അദ്ദേഹം ഇപ്പോഴും ഓര്‍ക്കാറുണ്ട്.
മാര്‍പാപ്പ രോഗശയ്യയിലാണെന്ന് അറിഞ്ഞ നിമിഷം മുതല്‍ യശോധരപ്പണിക്കരുടെ പ്രാര്‍ഥനയില്‍ മാര്‍പാപ്പ നിറഞ്ഞുനിന്നിരുന്നു. മാര്‍പാപ്പയുടെ ആരോഗ്യത്തിനു വേണ്ടി ധാരാളം നേര്‍ച്ചകളും അര്‍ച്ചനകളും കഴിച്ചു. യശോധര പണിക്കരുടെ സോഷ്യല്‍ മീഡിയസ്റ്റാറ്റസിലും പോസ്റ്റിലും മാര്‍പാപ്പ എന്നും നിറഞ്ഞുനിന്നിരുന്നു. മാര്‍പാപ്പയുടെ വിയോഗവാര്‍ത്ത അറിഞ്ഞ നിമിഷം മുതല്‍ ആ കൂടിക്കാഴ്ചയുടെ ഓര്‍മകളില്‍ വിതുമ്പുകയാണ് യശോദരപ്പണിക്കര്.