അവിസ്മരണീയ കൂടിക്കാഴ്ചയുടെ സ്മരണയില്‍ കര്‍ദിനാള്‍ ക്ലീമിസിന്റെ അയല്ക്കാരന്
1544636
Wednesday, April 23, 2025 3:39 AM IST
പത്തനംതിട്ട: കര്‍ദിനാള്‍ ക്ലീമിസിന്റെ അയല്ക്കാരന് എന്ന വിശേഷണത്തോടെ ഏഴുവര്‍ഷം മുമ്പു നടന്ന ഒരു കൂടിക്കാഴ്ചയുടെ അവിസ്മരണീയ അനുഭവത്തിലാണ് മുന്‍ എംഎല്‍എ ജോസഫ് എം. പുതുശേരി.
2017ല്‍ നടന്ന ഐഎഒയുടെ വാര്‍ഷിക ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോൾ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിക്കുകയെന്നത് എനിക്കൊരു അടങ്ങാത്ത മോഹമായിരുന്നു. അതു ഞാന്‍ കര്‍ദിനാള്‍ ക്ലീമിസ്ബാവയുമായി പങ്കുവച്ചു. ഒട്ടുംമടിക്കാതെ അദ്ദേഹം അതിനുള്ള അവസരം ഒരുക്കിത്തരികയും ചെയ്തു.
ഭാഗ്യവശാല്‍ കൂടിക്കാഴ്ചയ്ക്ക് അനുമതി ലഭിച്ചതിനു തലേന്ന് ക്ലീമിസ് ബാവയും വത്തിക്കാനിലെത്തി. അദ്ദേഹമാണ് മാര്‍പാപ്പയുടെ അടുത്തേക്ക് എന്നെ കൂട്ടിക്കൊണ്ടുപോയത്. അധികം ആര്‍ക്കും ലഭിക്കാത്ത അപൂര്‍വ നേട്ടമായിരുന്നു അത്.
എന്റെ ഇരുകരങ്ങളും ഗ്രഹിച്ചു നിന്ന ഫ്രാന്‍സിസ് മാര്‍പാപ്പയോടു - സോനോ വിച്ചീനോ ദ കര്‍ഡിനല്‍ ക്ലീമിസ് (കര്‍ദിനാള്‍ ക്ലീമിസിന്റെ അയല്‍ക്കാരനാണ്) എന്ന് ഇറ്റാലിയന്‍ ഭാഷയില്‍ പറഞ്ഞപ്പോള്‍ എന്നില്‍ നിറഞ്ഞു തുളമ്പിയ അഭിമാനബോധം പറഞ്ഞറിയിക്കാനാകുന്നതല്ല.
പിതാവിനെ കാണാന്‍ പുതുശേരി ഇറ്റാലിയന്‍ ഭാഷ പഠിക്കുകയായിരുന്നു എന്ന ക്ലീമിസ് ബാവയുടെ കമന്റു കൂടി എത്തിയപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ട് മാര്‍പാപ്പ കരങ്ങളുയര്‍ത്തിയത് ഇപ്പോഴും കണ്മുമ്പില്നിന്നു മാഞ്ഞിട്ടില്ല. ഒരു ഊര്‍ജ പ്രവാഹത്തിന്റെ സന്നിവേശമായിരുന്നു അതു തന്നില്‍ ഉണ്ടാക്കിയതെന്ന് പുതുശേരി അനുസ്മരിച്ചു.