വേനൽമഴ ചതിച്ചു; കരിങ്ങാലി പാടത്ത് കൊയ്ത്ത് പ്രതിസന്ധിയിൽ
1544641
Wednesday, April 23, 2025 3:39 AM IST
പന്തളം: വേനൽമഴയും കാറ്റും കരിങ്ങാലിപാടത്തെ കൊയ്ത്ത് പ്രതിസന്ധിയിലാക്കി. കഴിഞ്ഞ ദിവസങ്ങളിലെ തുടർച്ചയായ മഴയിൽ പാടത്ത് വെള്ളം കെട്ടിക്കിടക്കുന്നതും നെല്ലിന്റെ വിളവെടുപ്പിനെ ബാധിച്ചു.
വേനൽമഴ ആരംഭിച്ചതു മുതൽ ഡീസൽ പന്പുപയോഗിച്ച് പാടത്തെ വെള്ളം ചാലിലേക്ക് ഒഴുക്കിവിടുകയാണ്. വെള്ളം നിറഞ്ഞ പാടത്ത് കൊയ്ത്ത് യന്ത്രം ഇറക്കാനാകാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.
വാളകത്തിനാൽ പുഞ്ചയിൽ യന്ത്രം പുതഞ്ഞതു കാരണം കൊയ്ത്ത് മുടങ്ങിയിരുന്നു. പിന്നീട് അതിഥി തൊഴിലാളികളെ ഉപയോഗിച്ച് കൊയ്തെടുക്കുകയായിരുന്നു . വെള്ളം വറ്റിച്ച് കൃഷി സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് കർഷകർ.
എല്ലാ പാടശേഖരങ്ങളിലും മോട്ടോറുകൾ എത്തിച്ച് വെള്ളം വറ്റിക്കാനുള്ള നീക്കമാണ് നടത്തുന്നത്. ഇതിനുണ്ടാകുന്ന ചെലവും കർഷകർക്ക് അധികബാധ്യതയാണ്. അടിക്കടിയുണ്ടാകുന്ന നഷ്ടം കാരണം ഇത്തവണ കരിങ്ങാലി പാടത്തിലെ ചിറ്റമുടി ഭാഗങ്ങളിൽ ഉൾപ്പെടെ നിരവധി പാടശേഖരങ്ങൾ തരിശിട്ടിരിക്കുകയാണ്.
യുവകർഷകരുടെ ഉദ്യമത്തിനും തിരിച്ചടി
കരിങ്ങാലിപ്പാടത്ത് യുവാക്കൾ ചേർന്നു കൃഷിയിറക്കിയ മൂന്നുകുറ്റി, മണ്ണിക്കൊല്ല, കരീലച്ചിറ പാടങ്ങളിൽ തുടക്കം മുതൽ പ്രതിസന്ധി നിലനിന്നിരുന്നു. ഇതിനെ മറികടന്ന് കൃഷിയിറക്കാനായി പാടത്തെ വെള്ളം വറ്റിച്ചാണ് കൃഷി ഇറക്കിയത്. ഒരുമാസത്തിലധികം വൈകിയാണ് കൃഷി ഇറക്കാനായത്.
കുമിൾരോഗം പിന്നീട് കർഷകരെ വലച്ചു. മൂന്നുകുറ്റിയിലും കരീലച്ചിറയിലും 15 ഏക്കറോളം സ്ഥലത്തു കുമിൾ രോഗബാധയുണ്ടായി. വിളവെടുക്കാറായപ്പോൾ എത്തിയ വേനൽമഴയും കാറ്റും പ്രതിസന്ധി രൂക്ഷമാക്കി. കാറ്റിൽ നെൽക്കതിരുകൾ ഒടിഞ്ഞുവീണു. വെള്ളം വറ്റിക്കാനുള്ള ശ്രമം തുടരുകയാണ്.
മണ്ണിക്കൊല്ലയിലും മൂന്നുകുറ്റിയിലുമായി രണ്ടേക്കറോളം പാടത്തെ നെല്ല് വെള്ളത്തിൽ വീണു. കതിരു വിളഞ്ഞ നെൽച്ചെടി വെള്ളത്തിലായതോടെ ഇത് കിളിർക്കാനും സാധ്യതയുണ്ട്.
പാകമായ നെല്ല് വെള്ളം കയറുന്നതിനു മുന്പ് കൊയ്തെടുക്കാനാകുമോയെന്ന ആശങ്ക കർഷകർക്കുണ്ട്. രണ്ടാഴ്ച മുന്പേ കരക്കണ്ടങ്ങളിൽ കൊയ്ത്ത് ആരംഭിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി വേനൽമഴ ശക്തമായതോടെ വെള്ളം വറ്റിക്കാൻ കാലതാമസം കൂടി വന്നതാണ് പുഞ്ചക്കൊയ്ത്ത് പ്രതിസന്ധിയിലാക്കിയത്.