വീടിനു തീപിടിച്ച് യുവാവ് മരിച്ചതില്‍ ദുരൂഹത; പോലീസ് അന്വേഷണം തുടങ്ങി
1544093
Monday, April 21, 2025 3:43 AM IST
ഫോറന്‍സിക് സംഘം പരിശോധന നടത്തി
പത്തനംതിട്ട: കോന്നി ഇളകൊള്ളൂര്‍ ലക്ഷംവീട് കോളനിയില്‍ വീടിനു തീപിടിച്ചതിനേ തുടര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ പോലീസ് ഫോറന്‍സിക് വിഭാഗം സ്ഥലത്ത് പരിശോധന നടത്തി. കോന്നി പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഫോറന്‍സിക് വിദഗ്ധ ഷാജിലയുടെ നേതൃത്വത്തില്‍ ഉള്ള സംഘവുമാണ് പരിശോധന നടത്തിയത്.
വീടിനുള്ളില്‍ നിന്നും സംഘം സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. വീട് പൂര്‍ണമായും കത്തി നശിച്ചിരുന്നു. സാമ്പിള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയെങ്കില്‍ മാത്രമേ സംഭവത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.
ഇളകൊള്ളൂര്‍ ലക്ഷംവീട് കോളനിയില്‍ താമസിക്കുന്ന വനജയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെ തീ പിടിച്ചതിനേ തുടര്‍ന്ന് വനജയുടെ മകന് മനോജാണ് (35) മരിച്ചത്. ശബരിമലയില്‍ താത്കാലിക ജീവനക്കാരനായി ജോലി ചെയ്യുന്ന മനോജ് കഴിഞ്ഞ ദിവസമാണ് വീട്ടില്‍ തിരികെ എത്തിയത്. സംഭവ സമയത്ത് വനജ വീട്ടില്‍ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. വീടിനുള്ളില്‍ തനിയെ തീ പിടിച്ചതാണോ അതോ മനഃപൂര്‍വം ആരെങ്കിലും തീ ഇട്ടതാണോ എന്നതില്‍ വ്യക്തതയില്ല.
മുറിക്കുള്ളിലെ വൈദ്യുതി തകരാറാണോ തീ പിടിത്തത്തിനു കാരണമെന്നറിയാന്‍ കെഎസ്ഇബി അധികൃതരും പരിശോധന നടത്തുന്നുണ്ട്. വീടിന്റെ കിടപ്പു മുറിയുടെ ഒരു മൂലയില്‍ നിന്ന് തീയും പുകയും ഉയരുന്നത് അയല്‍വാസികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.
വീടിനുള്ളില്‍ പാചക വാതക സിലിണ്ടര്‍ ഉണ്ടായിരുന്നു എങ്കിലും ഇതിലേക്ക് തീ പടരാതിരുന്നതിനാല്‍ വന്‍ അപകടം ഒഴിവായി. പിന്നീട് അഗ്നിരക്ഷാ സേനയെത്തി തീ അണച്ച ശേഷം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മനോജിന്റെ മൃതദേഹം സ്ഥലത്തു നിന്ന് മാറ്റി. കോന്നി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.