ഉത്ഥാനത്തിന്റെ ചൈതന്യം കൂട്ടായ്മയിലേക്ക് നയിക്കും: മാർ ജോസ് പുളിക്കൽ
1544091
Monday, April 21, 2025 3:42 AM IST
കാഞ്ഞിരപ്പള്ളി: ഉത്ഥാനത്തിന്റെ ചൈതന്യം കൂട്ടായ്മയിലേക്ക് നയിക്കുമെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ ഉയിർപ്പ് തിരുനാൾ ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
അകലങ്ങളില്ലാതെ അടുത്തുനിൽക്കുന്നതിനും നിരാശയിൽ താഴാതെ പ്രത്യാശയോടെ ജീവിക്കുന്നതിനുമുള്ള ആഹ്വാനമാണ് ഉയിർപ്പ് തിരുനാൾ നൽകുന്നത്. ഉത്ഥാന രഹസ്യം ഉൾക്കൊള്ളാത്തിടത്ത് ഭിന്നതയും വിഭാഗീയതയും നിരാശയും ശക്തിപ്പെടും. സമൂഹത്തിലും കുടുംബത്തിലും ആരെയും തളരാനും ഒറ്റപ്പെടാനും അനുവദിക്കാതിരിക്കുവാൻ തക്കവിധം വിശ്വാസജീവിതം കരുത്താർജിക്കണം.
നിസഹായരായ സഹോദരങ്ങളെ ആശ്വസിപ്പിക്കുന്ന അലിവുള്ള ഹൃദയം അനേകർക്ക് തണലാകും. ഉത്ഥാനത്തിന്റെ സന്തോഷത്തിൽ സാക്ഷ്യജീവിതം നയിക്കുവാൻ നമുക്ക് കടമയുണ്ടെന്നും മാർ ജോസ് പുളിക്കൽ കൂട്ടിച്ചേർത്തു.
സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ ഉയിർപ്പ് ഞായറാഴ്ച പുലർച്ചെ രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കലിന്റെ കാർമികത്വത്തിൽ നടത്തപ്പെട്ട ഉയിർപ്പ് തിരുനാൾ ശുശ്രൂഷകളിൽ കത്തീഡ്രൽ വികാരിയും ആർച്ച്പ്രീസ്റ്റുമായ റവ. ഡോ. കുര്യൻ താമരശേരി, ഫാ. ജേക്കബ് ചാത്തനാട്ട്, ഫാ. ജോസഫ് ആലപ്പാട്ടുകുന്നേൽ, ഫാ. തോമസ് മുളങ്ങാശേരിൽ, സന്യാസിനികൾ എന്നിവരുൾപ്പെടെയുള്ള വിശ്വാസി സമൂഹം പങ്കുചേർന്നു.