പ്രത്യാശയുടെ സന്ദേശമേകി ഉയിര്‍പ്പുതിരുനാള്‍ കൊണ്ടാടി
1544092
Monday, April 21, 2025 3:43 AM IST
പത്തനംതിട്ട: പ്രത്യാശയുടെയും സന്തോഷത്തിന്റെയും സന്ദേശവുമായി ഉയിര്‍പ്പ് തിരുനാള്‍ ആചരിച്ചു. ഇന്നലെ രാത്രി മുതല്ക്കേ ദേവാലയങ്ങളില്‍ ഉയിര്‍പ്പ് തിരുനാളിനോടനുബന്ധിച്ച തിരുക്കര്‍മങ്ങള്‍ ആരംഭിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ ഉയിര്‍പ്പ് പ്രഖ്യാപനവും പ്രദക്ഷിണവും ദിവ്യബലിയും നടന്നു. പരസ്പരം സമാധാനം ആശംസിച്ചാണ് വിശ്വാസികള്‍ മടങ്ങിയത്.
വിവിധ ദേവാലയങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് ബിഷപ്പുമാരും വൈദികരും കാര്‍മികത്വം വഹിച്ചു. ചുങ്കപ്പാറ സെന്റ് ജോര്‍ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ ആര്‍ച്ച് ബിഷപ് ഡോ.തോമസ് മാര്‍ കൂറിലോസിന്റെ കാര്‍മികത്വത്തിലും കൊക്കാത്തോട് സെന്റ് ബനഡിക്ട് ദേവാലയത്തില്‍ പത്തനംതിട്ട രൂപതാധ്യക്ഷന്‍ ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസിന്റെ കാര്‍മികത്വത്തിലും ഈസ്റ്റര്‍ ശുശ്രൂഷകള്‍ നടന്നു.
ഏറത്തുമ്പമണ്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ ബിഷപ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം ശുശ്രൂഷകള്‍ക്ക് കാര്‍മികത്വം വഹിച്ചു.
അടൂര്‍ മാര്‍ സ്ലീവാ കത്തോലിക്കാ ദേവാലയത്തിലെ ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകള്‍ക്ക് ഫാ.ലൂക്കാ വെട്ടുവേലിക്കളം, ഫാ. ജയിംസ് മാടത്തില്ചിറ എന്നിവര്‍ കാര്‍മികത്വം വഹിച്ചു. ഈസ്റ്ററിനോടനുബന്ധിച്ച് സംയുക്ത സമ്മേളനങ്ങളും ഗാനാര്‍ച്ചനയും വിവിധ സ്ഥലങ്ങളില്‍ ക്രമീകരിച്ചു.