തിരുവാഭരണ മോഷണം: കീഴ്ശാന്തിയുമായി ക്ഷേത്രത്തില്‍ തെളിവെടുപ്പ് നടത്തി
1544097
Monday, April 21, 2025 3:43 AM IST
തുറവൂര്‍: എഴുപുന്ന ശ്രീനാരായണപുരം ക്ഷേത്രത്തില്‍നിന്നു തിരുവാഭരണം മോഷ്ടിച്ച കേസില്‍ പ്രതിയായ താത്കാലിക ചുമതലയുണ്ടായിരുന്ന കീഴ്ശാന്തിയുമായി പോലീസ് ക്ഷേത്രത്തില്‍ തെളിവെടുപ്പ് നടത്തി.
കൊല്ലം ഈസ്റ്റ് കല്ലട രാംനിവാസില്‍ രാമചന്ദ്രന് പോറ്റിയെയാണ് (40) അരൂര്‍ പോലീസ് സ്റ്റേഷന് ഓഫീസര്‍ കെ.ജി. പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ക്ഷേത്രത്തില്‍നിന്ന് 20 പവന്റെ തിരുവാഭരണങ്ങള്‍ സഞ്ചിയിലാക്കി മുറിയില്‍ കൊണ്ടുപോയ ശേഷം കടക്കുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു.
വിഷു ഉത്സവത്തോടനുബന്ധിച്ച് വിഗ്രഹത്തില്‍ ചാര്‍ത്താന്‍ 13ന് രാത്രിയാണ് കിരീടവും മാലകളും അടങ്ങുന്ന ആഭരണങ്ങള്‍ ദേവസ്വം അധികൃതര്‍ രാമചന്ദ്രന് പോറ്റിക്കു കൈമാറിയത്. 14ന് ഉച്ചപൂജയ്ക്കു ശേഷം തിരുവാഭരണം തിരികെ ദേവസ്വത്തില്‍ എത്തിക്കാന്‍ ദേവസ്വം അധികൃതര്‍ രാമചന്ദ്രന് പോറ്റിയോട് പറഞ്ഞിരുന്നു.
വൈകിട്ട് പുജ നടത്തുന്നതിന് മറ്റൊരു ശാന്തി എത്തി ശ്രീകോവിലില്‍ കയറിയപ്പോഴാണ് ആഭരണങ്ങള്‍ മോഷണം പോയതായി അറിയുന്നത്. തുടര്‍ന്ന് ക്ഷേത്രം ഭാരവാഹികള്‍ അരൂര്‍ പോ ലീസില്‍ പരാതി നല്കി. രാമചന്ദ്രന് പോറ്റിയുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോള്‍ 15ന് രാവിലെ ആഭരണങ്ങള്‍ തേവരയിലെ ബാങ്കില്‍ പണയപ്പെടുത്തിയതായി പോലീസ് കണ്ടെത്തിയിരുന്നു.
തുടര്‍ന്ന് എറണാകുളം ശിവക്ഷേത്രത്തിന് സമീപത്തുനിന്നാണ് പ്രതിയെ പിടികൂടിയത്. മുന്‍പ് രാമചന്ദ്രന് പോറ്റി പത്തോളം ക്ഷേത്രത്തില്‍ പൂജാരിയായി ജോലി ചെയ്തിട്ടുണ്ട്. പലരില്‍ നിന്നായി വായ്പ ഇനത്തിലും വീടിന്റെ പുരയിടം പണയപ്പെടുത്തിയും വാങ്ങിയ മൂന്നു കോടിയിലധികം രൂപ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത് നഷ്ടപ്പെട്ടതായി പോലീസിന്റെ ചോദ്യം ചെയ്യലില്‍ രാമചന്ദ്രന് പോറ്റി പറഞ്ഞു.
കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കുമെന്ന് പോലീസ് പറഞ്ഞു.