ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസനം ശതോത്തര സുവർണജൂബിലി സമ്മർഫെസ്റ്റ് നാളെ മുതൽ
1544343
Tuesday, April 22, 2025 2:01 AM IST
പത്തനംതിട്ട: ഓർത്തഡോക്സ് സഭ തുന്പമൺ ഭദ്രാസനം ശതോത്തര സുവർണ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന സമ്മർഫെസ്റ്റ് (കോൺകോർഡിയ) നാളെ മുതൽ മേയ് നാലുവരെ പത്തനംതിട്ട ഇടത്താവളത്തിൽ നടത്തും. ഭദ്രാസനത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണ് കലാ, സാംസ്കാരിക, സാമൂഹിക, സാഹിത്യ പരിപാടികളോടെ മേള സംഘടിപ്പിക്കുന്നതെന്ന് ഭദ്രാസന സെക്രട്ടറി ജോൺസൺ കല്ലിട്ടതിൽ കോർ എപ്പിസ്കോപ്പ പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രമുഖ കന്പനികളുടെ നൂറിൽപ്പരം സ്റ്റാളുകൾ, ഫുഡ് കോർണർ, കുട്ടികൾക്കുള്ള ഗെയിം സോൺ, അമ്യൂസ്മെന്റ് പാർക്ക്, പുഷ്പമേള, റോബോട്ടിക് ഷോ, പ്ലാനിറ്റോറിയം, അലങ്കാര, മത്സ്യ, വളർത്തുമൃഗങ്ങളുടെ പ്രദർശനം എന്നിവയെല്ലാം പവലിയനിൽ ഉണ്ടാകും.
നാളെ വൈകുന്നേരം അഞ്ചിന് മേളയുടെ ഉദ്ഘാടനം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. ഭദ്രാസനാധ്യക്ഷൻ ഡോ.ഏബ്രഹാം മാർ സെറാഫിം മെത്രാപ്പോലീത്ത അധ്യക്ഷത വഹിക്കും. കുര്യാക്കോസ് മാർ ക്ലീമിസ് വലിയ മെത്രാപ്പോലീത്ത പവലിയൻ ഉദ്ഘാടനം ചെയ്യും. ആന്റോ ആന്റണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ മുഖ്യാതിഥിയാകും. സമ്മാനകൂപ്പൺ പ്രകാശനം കെ.യു. ജനീഷ് കുമാർ എംഎൽഎ നിർവഹിക്കും.
കലാസന്ധ്യ ഉദ്ഘാടനം മുൻ എംഎൽഎ രാജു ഏബ്രഹാം നിർവഹിക്കും. എല്ലാദിവസവും വൈകുന്നേരം കലാസന്ധ്യ ഉണ്ടാകും. വിവിധ വിഷയങ്ങളിൽ സംവാദം, സെമിനാറുകൾ എന്നിവ രാവിലെ മുതൽ ക്രമീകരിക്കും. മേയ് നാലിന് ഉച്ചകഴിഞ്ഞ് മൂന്നിന് സമാപനസമ്മേളനം മന്ത്രി കെ.ബി. ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്യും. ഭദ്രാസന കൗൺസിൽ അംഗങ്ങളായ ഫാ.ബിജു തോമസ്, പ്രഫ.ജി. ജോൺ, ഡോ.ജോർജ് വർഗീസ് കൊപ്പാറ, ഐവാൻ വകയാർ, അനി എം.ഏബ്രഹാം, മാനേജിംഗ് കമ്മിറ്റിയംഗം നിതിൻ മണക്കാട്ടുമണ്ണിൽ, രഞ്ജു എം. ജോയി, ഫാ.എബി ടി. സാമുവേൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.