പ്രതിഷേധം വകവയ്ക്കാതെ മണ്ണെടുപ്പ്; കടലിക്കുന്നില്‍ ഹിറ്റാച്ചി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
1544090
Monday, April 21, 2025 3:42 AM IST
പന്തളം: മണ്ണെടുപ്പിനെതിരേ പ്രക്ഷോഭം നടക്കുന്ന പൈവഴി കടലിക്കുന്ന് മലയില്‍ കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യുന്നതിനിടെ ഹിറ്റാച്ചി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. ബീഹാര്‍ ബാഗന്പുര് ബാബന്ഗാമ സ്വദേശി സൂരജ് കുമാര്‍ ഷായാണ് (25) മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയാണ് അപകടം. ഹിറ്റാച്ചിക്ക് അടിയില്‍പെട്ട സൂരജ് കുമാര്‍ തല്‍ക്ഷണം മരിച്ചു. സമീപത്ത് മണ്ണെടുപ്പിനെതിരേ സമരം നടക്കുന്ന പന്തലില്‍ നിന്ന് ആള്ക്കാര് എത്തി അപകട വിവരം പോലീസിനെ അറിയിച്ചു.
മണ്ണെടുക്കുന്നതിടെ ഹിറ്റാച്ചി തലകീഴായി് മറിഞ്ഞാണ് അപകടമുണ്ടായത്. ചെങ്ങന്നൂര്‍ ഫയര്‍ സ്റ്റേഷനുകളില്‍ നിന്ന് അഗ്നിരക്ഷാസേനയും ഇലവുംതിട്ട പോലീസും സ്ഥലത്തെത്തി ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്.
ഹിറ്റാച്ചിയില്‍ ഒപ്പമുണ്ടായിരുന്ന സഹായി പശ്ചിമ ബംഗാള്‍ സ്വദേശി ശബരിക്ക് പരിക്കേറ്റു. ഇയാളെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീഹാറില്‍ നിന്ന് ബന്ധുക്കള്‍ എത്തിയ ശേഷം സൂരജ്കുമാര് ഷായുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച് വിട്ടുനല്‍കുമെന്ന് പോലീസ് അറിയിച്ചു.
ഒരുമാസമായി തുടരുന്ന മണ്ണെടുപ്പ്
15 ഏക്കറോളം വിസ്തൃതിയുള്ള ചെങ്കുത്തായ മല മുകളിലാണ് കഴിഞ്ഞ ഒരുമാസമായി മണ്ണെടുപ്പ് നടന്നു വന്നത്. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ സമരസമിതി രൂപീകരിച്ച് പന്തല്‍ കെട്ടി പ്രതിഷേധ സമരം നടത്തി വരികയാണ്. ഇന്നലത്തെ അപകടത്തേ തുടര്‍ന്ന് കടലിക്കുന്ന് സംരക്ഷണ സമിതി നേതൃത്വത്തില്‍ സ്ഥലത്ത് പോലീസ് വാഹനം ഉള്‍പ്പെടെ മണിക്കൂറുകളോളം തടഞ്ഞിട്ടു.
മണ്ണെടുപ്പിന് പരിഹാരം വേണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കുളനട, മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളിലായി വ്യാപിച്ചുകിടക്കുന്ന മല പ്രദേശങ്ങളില്‍ ഏറ്റവും ഉയര്‍ന്ന മലയാണ് കടലിക്കുന്ന്.
കുളനട ഗ്രാമപഞ്ചായത്തിലെ പൈവഴി, ഉള്ളന്നൂര്‍ തിരുവമ്പാടി, വട്ടയം, കുഴിപാറ, വാട്ടര്‍ ടാങ്ക്, മുകളിശേരി, ചുവട്ടാന, കടലിക്കുന്ന്, മലഞ്ചെരുവിൽ, ഗിരിദീപം സ്കൂള്‍, കൈതക്കാട്, നാരകത്തു മണ്ണിൽ, മംഗലത്തില്‍, പുതുവാക്കല്‍, ഉള്ളന്നൂര്‍,
കൈപ്പുഴ, പാണിൽ, പനങ്ങാട് എന്നീ പ്രദേശങ്ങളെയാകെ പാരിസ്ഥിതികമായ സന്തുലനത്തില്‍ നിലനിര്‍ത്തുന്നതും ഈ പ്രദേശങ്ങളിലെ ഭൂമിക്കും ഭൂഗര്‍ഭ ജലത്തിനും കുടിവെള്ളത്തിനും കൃഷിക്കാവശ്യമായ അടിസ്ഥാന ജലസ്രോതസുമാണ് കടലിക്കുന്നു മല. മലയുടെ എല്ലാ ഭാഗത്തുനിന്നും ചെറുതും വലുതുമായ നീരൊഴുക്കും തോടുകളും എപ്പോഴുമുള്ളത് പാടങ്ങളിലെ കൃഷിക്ക് സഹായകരമാണ്.
ഈ മലയിലും മലയുടെ ചുറ്റുമുള്ള ചരിവിലും താഴ്വരയിലും ആയിരത്തിലധികം വീടുകള്‍ സ്ഥിതി ചെയ്യുന്നുണ്ട്. 100 ലധികം പട്ടികജാതി കുടുംബങ്ങള്‍ അധിവസിക്കുന്ന കടലിക്കുന്നു പട്ടിക ജാതി സെറ്റില്‍മെന്റ് കോളനി പഞ്ചായത്തിലെ മുഴുവന്‍ പ്രദേശങ്ങളിലും കുടിവെള്ളമെത്തിക്കുന്ന കടലിക്കുന്നു കുടിവെള്ള പദ്ധതിയുടെ ജലസംഭരണി ഈ മലയിലാണ് സ്ഥിതി ചെയ്യുന്നത്.
മണ്ണെടുപ്പ് അനധികൃതം
മലയുടെ മുകളില്‍ ഭൂരിഭാഗം സ്ഥലങ്ങളും ഇരട്ടക്കുളങ്ങര രാജാവില്ലയില് ഷൈല വര്‍ഗീസ് എന്ന ആളുടെ കൈവശമാണ് . ഈ മലയുടെ മുകള്‍ ഭാഗം ഇവരുടെ അതിരു കഴിഞ്ഞാല്‍ അതിലും മുകളിലോട്ട് മറ്റുള്ള മൂന്ന് വ്യക്തികളുടെ സ്ഥലമാണ്, അവരുടെ സമ്മതം ഇല്ലാതെയാണ് ഇപ്പോള്‍ മണ്ണെടുപ്പ് നടക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് മുതല്‍ ഒരു വര്‍ഷത്തേക്ക് 1.67 ഏക്കറില്‍ നിന്നും 81000 മെട്രിക് ടണ്‍ മണ്ണ് എടുക്കാനുള്ള അനുവാദമാണ് ജിയോളജി വകുപ്പില്‍ നിന്നും അനുവദിച്ചിരിക്കുന്നത്. വലിയ ടോറസില്‍ ഏകദേശം 200 ലോഡെങ്കിലും ഇതേവരെയും പോയിട്ടുണ്ട്. ഏകദേശം 3000 ലോഡ് മണ്ണെങ്കിലും കടത്തുമെന്നാണ് സൂചന.
മണ്ണെടുപ്പ് തുടര്‍ന്നാല്‍ മഴക്കാലത്ത് വന്‍ മണ്ണിടിച്ചിലിന് കാരണമാവും അതു താഴെയുള്ള ഒരു പട്ടികജാതി കോളനി സഹിതം ധാരാളം കുടുംബങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണ്.
മലയുടെ മുകള്‍ ഭാഗം ഒന്നര ഏക്കറിലധികം ഭൂമിയില്‍ നിന്നും മല പൂര്‍ണമായി ഇല്ലാതാക്കും വിധം മണ്ണെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്.
മുമ്പ് ജനങ്ങള്‍ ഈ മണ്ണെടുപ്പിനെതിരേ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്തപ്പോള്‍ മണ്ണെടുപ്പ് നിര്‍ത്തിവച്ചെങ്കിലും വീണ്ടും അനുമതി ലഭിച്ചതോടെ മണ്ണെടുപ്പ് ആരംഭിച്ചിരിക്കുകയാണ്.
പാരിസ്ഥിതിക പ്രശ്നങ്ങളോ നീരൊഴുക്കോ ജലലഭ്യതയോ, കാര്‍ഷിക പ്രതിസന്ധിയോ അവിടത്തെ ജനങ്ങളുടെ ജീവിത സുരക്ഷയോ പരിഗണിക്കാതെയും പഠനം നടത്താതെയും വ്യാവസായിക അടിസ്ഥാനത്തില്‍ മണ്ണെടുക്കാന്‍ റവന്യൂ, ജിയോളജി വകുപ്പുകള്‍ അനുമതി കൊടുത്തത്തിനെതിരേ വലിയ ജനവികാരം ഉയര്‍ന്നുവന്നിരിക്കുകയാണ്.