അമൃത് 2.0: ജലശുദ്ധീകരണ പ്ലാന്റിനായി കൂറ്റന്‍ പൈപ്പുകളെത്തി
1544101
Monday, April 21, 2025 3:51 AM IST
പത്തനംതിട്ട: അതിരൂക്ഷമായ ജലദൗര്‍ലഭ്യം നേരിടുന്ന നഗരത്തില്‍ ശാശ്വത പരിഹാരം കാണാനുള്ള ശ്രമത്തിലാണ് നഗരസഭ. അമൃത് 2.0 പദ്ധതിയുടെ ഭാഗമായി പാമ്പൂരിപ്പാറയില്‍ നിര്‍മിക്കുന്ന ആധുനിക കുടിവെള്ള പ്ലാന്റിനായി കൂറ്റന്‍ പൈപ്പുകളെത്തിച്ചു.
കല്ലറക്കടവ് ഇന്‍ടേക്ക് പമ്പ് ഹൗസില്‍ നിന്നും കുടിവെള്ള ശുദ്ധീകരണ പ്ലാന്റിലേക്കും തുടര്‍ന്ന് ജലസംഭരണിയിലേക്കും വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പുകളാണ് എത്തിച്ചത്. ജാര്‍ഘണ്ഡില്‍ നിന്ന് എത്തിച്ച 400 എംഎം ഡിഐ പൈപ്പുകള്‍ ഒരു കിലോ മീറ്ററോളം നീളത്തിലാണ് സ്ഥാപിക്കേണ്ടത്.
നഗര ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി 27.62 കോടി രൂപ ചെലവില്‍ നാല് ഘട്ടങ്ങളിലായാണ് പൂര്‍ത്തിയാക്കുന്നത്. മൂന്നാം ഘട്ടമാണ് ശുദ്ധീകരണ പ്ലാന്റ് നിര്‍മാണം. 14.87 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്.
10 ദശലക്ഷം ലിറ്റര്‍ ജലം ശുദ്ധീകരിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് നിര്‍മിക്കുന്നത്. നിലവില്‍ ദിവസേന 60 ലക്ഷം ലിറ്റര്‍ വെള്ളമാണ് ജല അഥോറിറ്റിയുടെ പാമ്പൂരി പാറയിലുള്ള ശുദ്ധീകരണ പ്ലാന്റില്‍ നിന്നും നഗരത്തില്‍ വിതരണം ചെയ്യുന്നത്. ജില്ലാ ആസ്ഥാനത്തിന്റെ ഇന്നത്തെ ആവശ്യകതയ്ക്ക് ഇതു പര്യാപ്തമല്ല.
പുതിയ പ്ലാന്റിന്റെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതോടെ ദിവസേന 130 ലക്ഷം ലിറ്റര്‍ വെള്ളം വിതരണം ചെയ്യാനാകും. ഇതോടെ നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പൂര്‍ണ പരിഹാരമാകും. ജനുവരി 13ന് ആരംഭിച്ച പ്ലാന്റിന്റെ നിര്‍മാണം 18 മാസം കൊണ്ട് പൂര്‍ത്തീകരിക്കുന്നതിനാണ് കരാർ.
കിണറും കളക്ഷന്‍ ചേംബറും നേരത്തേ പൂര്‍ത്തിയായി
ശുദ്ധീകരണത്തിന് ആവശ്യമായ ജലം ശേഖരിക്കുന്നതിനുള്ള കിണറിന്റെയും കളക്ഷന്‍ ചേംബറിന്റെയും നിര്‍മാണം 66 ലക്ഷം രൂപ ചെലവില്‍ 2023ല്‍ തന്നെ പൂര്‍ത്തിയായിരുന്നു. ജലവിതരണത്തിലെ നഷ്ടം ഒഴിവാക്കാന്‍ നഗരത്തിലെ പ്രധാന പൈപ്പ് ലൈനുകള്‍ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ജലഅഥോറിറ്റി മാറ്റി സ്ഥാപിച്ചിരുന്നു.
വിവിധ വാര്‍ഡുകളിലെ കാലപ്പഴക്കംചെന്ന പൈപ്പ് ലൈനുകള്‍ മാറ്റി പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനമാണ് പദ്ധതിയുടെ രണ്ടാംഘട്ടത്തില്‍ പുരോഗമിക്കുന്നത്. 3.5 കോടി രൂപയാണ് ഇതിന് ചെലവ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ 25 വാര്‍ഡുകളില്‍ പുതിയ പൈപ്പുകള്‍ സ്ഥാപിക്കുന്ന ജോലി പൂര്‍ത്തിയായി.
നഗരത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ പൂവന്‍പാറ, പരുവപ്ലാക്കൽ, വഞ്ചിപൊയ്ക തുടങ്ങിയ സ്ഥലങ്ങളില്‍ സംഭരണികള്‍ നിര്‍മിച്ചു കുടിവെള്ളം എത്തിക്കുന്ന പ്രവര്‍ത്തനമാണ് നാലാംഘട്ടത്തില്‍ നടപ്പാക്കുന്നത്. ഇതിന് 8.5 കോടി രൂപയുടെ അനുമതിയായി. ശുദ്ധീകരണ പ്ലാന്റിന്റെ നിര്‍മാണം പുരോഗമിക്കുന്നതിനിടയില്‍ തന്നെ ഉയര്‍ന്ന പ്രദേശങ്ങളിലെ ജലസംഭരണികളും നിര്‍മിച്ച് പദ്ധതിയുടെ സമ്പൂര്‍ണ പ്രവര്‍ത്തനം ഉറപ്പാക്കാനാണ് നഗരസഭ ശ്രമിക്കുന്നത്.
കുടിവെള്ള വിതരണത്തിന്റെ സമ്പൂര്‍ണ ഉത്തരവാദിത്വം ജല അഥോറിറ്റിക്കാണെങ്കിലും നഗരത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ ഭരണസമിതി തീരുമാനമെടുക്കുകയായിരുന്നു. താത്കാലിക പരിഹാരത്തിന് പകരം നഗരത്തിന്റെ ഭാവി ആവശ്യകത കൂടി പരിഗണിച്ച് സമ്പൂര്‍ണ കുടിവെള്ള പദ്ധതിയാണ് നടപ്പിലാക്കുന്നതെന്ന് നഗരസഭാ ചെയര്മാന് ടി. സക്കീര്‍ ഹുസൈന് പറഞ്ഞു.