കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഐപിസി പാസ്റ്റർ മരിച്ചു
1543759
Sunday, April 20, 2025 3:34 AM IST
മന്ദമരുതി (റാന്നി): വിദേശത്തുനിന്നെത്തിയ മകനെ കൂട്ടിവരുന്നതിനിടെ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് പാസ്റ്ററിനു ദാരുണാന്ത്യം. ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് റാന്നി വെസ്റ്റ് സെന്റർ പൂവൻമല പാസ്റ്റർ സണ്ണി ഫിലിപ്പാണ് (60) മരിച്ചത്. പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിൽ റാന്നിക്കടുത്ത് മന്ദമരുതി ചെല്ലയ്ക്കാട് വെള്ളിയാഴ്ച രാവിലെ ഏഴോടെയാണ് അപകടം.
വിദേശത്തുനിന്ന് അവധിക്ക് നാട്ടിൽ വന്ന മകനെയും കൂട്ടി നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. കൊട്ടാരക്കര - കുമളി ഫാസ്റ്റ് പാസഞ്ചർ ബസുമായാണ് കാർ കൂട്ടിയിടിച്ചത്. ബസ് യാത്രികരായ ഏഴ് പേർക്ക് പരിക്കേറ്റു. ശാന്തി, നിഷാദ, പ്രസന്നകുമാരി, ഷെയീസ് , ചന്ദ്രൻ, ഉണ്ണികൃഷ്ണൻ, സജു എന്നിവർക്കാണ് പരിക്കേറ്റത്.
അപകട സമയം സണ്ണി ഫിലിപ്പ് മാത്രമാണ് കാറിലുണ്ടായിരുന്നത്.
കുടുംബാംഗങ്ങൾ സഞ്ചരിച്ച മറ്റൊരു കാർ പിന്നാലെയുണ്ടായിരുന്നു. സംഭവത്തിന് അര മണിക്കൂർ മുമ്പ് മണിമലയിൽ ഇവർ കാറുകൾ നിർത്തി ചായ കുടിച്ചിരുന്നു. തന്റെ കാറിലുണ്ടായിരുന്ന കൊച്ചുമകളെ രണ്ടാമത്തെ കാറിലേക്ക് മാറ്റാനും ഉറക്കം വരുന്നുണ്ടെന്നും സണ്ണി ഫിലിപ്പ് പറഞ്ഞു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു.
നാട്ടുകാർ കാർ വെട്ടിപ്പൊളിച്ചാണ് സണ്ണിയെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഭാര്യ: ഡോളി സണ്ണി തുരുത്തിക്കര തടത്തിൽ കുടുംബാംഗം. മക്കൾ: ഗ്ലാഡിസ് ഫിലിപ്പ്, ബ്ലെസി ഫിലിപ്പ്. സണ്ണി ഫിലിപ്പിന്റെ സംസ്കാരം ചൊവ്വാഴ്ച കീക്കൊഴുർ ഇന്ത്യൻ പെന്തക്കോസ്ത് ചർച്ച് സഭാ സെമിത്തേരിയിൽ നടക്കും.