കുളം നിർമാണം അശാസ്ത്രീയമെന്ന് ഹിന്ദു ഐക്യവേദി
1544107
Monday, April 21, 2025 3:51 AM IST
പത്തനംതിട്ട: അതിരൂക്ഷമായ പരിസ്ഥിതി പ്രശ്നങ്ങൾ നിലവിലുള്ള ശബരിമലയിൽ പുതിയ കുളം കുഴിക്കാനുള്ള നീക്കം അശാസ്ത്രീയമെന്ന് ഹിന്ദു ഐക്യവേദി. അതിരൂക്ഷമായ പരിസ്ഥിതി ആഘാതത്തിന് ഇത് വഴി തെളിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാധ്യക്ഷൻ ഹരിദാസ് കടമ്മനിട്ട പത്രസമ്മേളനത്തിൽ പറഞ്ഞു.
ക്ഷേത്രത്തിന് കിഴക്കുഭാഗം നന്നേ ചരിവുള്ള പ്രദേശമാണ്. ഇവിടം നിരപ്പാക്കിയാണ് കുളം നിർമിക്കുന്നത്. കുളത്തിൽ ജലം നിറയുമ്പോൾ സ്വാഭാവികമായും മർദ്ദം ഏറും. ശക്തമായ മഴ പെയ്യുമ്പോൾ മണ്ണിടിച്ചിലിന് സാധ്യതയുള്ള മേഖലയാണിവിടം. അങ്ങനെ സംഭവിച്ചാൽ കുളം ഇടിയുന്നതോടൊപ്പം മുകളിലുള്ള വലിയ നടപ്പന്തലിനും മറ്റു നിർമിതികൾക്കും ബലക്ഷയം സംഭവിക്കാം.
ഭൂമിയുടെ ഉപരിതലം ഇടിഞ്ഞു മാറുന്നതിനൊപ്പം താഴെ തിരുമുറ്റത്തിനും സുരക്ഷാ ഭീഷണി ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഹിന്ദു ഐക്യവേദി വിലയിരുത്തി. കൂടാതെ വർഷക്കാലത്ത് മുകളിൽ നിന്നും ഒലിച്ചിറങ്ങുന്ന മലിന ജലം കുളത്തിൽ വന്ന് നിറയാനും കാരണമാകും. ഇത്രയേറെ സുരക്ഷാ ഭീഷത്തി നിലിലുള്ള സന്നിധാനത്ത് കുളം നിർമിക്കുന്നതിന് പിന്നിൽ ദുരുഹതയുണ്ടെന്ന് ഹിന്ദു ഐക്യവേദി കുറ്റപ്പെടുത്തി.
പുതിയ കുളം നിർമാണം സുരക്ഷിതമല്ലെന്ന് ചൂണ്ടിക്കാട്ടി പോലീസ് ആദ്യം എതിർത്തിരുന്നു. എന്നാൽ രാഷ്ട്രീയ സമ്മർദ്ദത്തേ തുടർന്ന് പോലീസ് അധികൃതർ എതിർപ്പ് പിൻവലിച്ചു. കോടതിക്കും പദ്ധതിയോട് യോജിപ്പുണ്ടായിരുന്നില്ല. എന്നാൽ ഹൈപവർ കമ്മിറ്റിയുടെ അനുമതിയോടെയാണ് ഇപ്പോൾ പദ്ധതിയുമായി മുന്നോട്ടു പോകുന്നത്.
സന്നിധാനത്ത് മറ്റൊരു കുളം വേണമെന്ന് അയ്യപ്പ ഭക്തരോ ഹിന്ദു സംഘടനകളൊ ഇതേവരെ ആവശ്യപ്പെട്ടിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ഭക്തർക്ക് അവശ്യം വേണ്ട അടിസ്ഥാന സൗകര്യം ഒരുക്കാൻ മാത്രം ദേവസ്വം ബോർഡിൻ്റെ പക്കൽ പണമില്ല. ഇതിനായി സ്പോൺസർമാരെ കണ്ടെത്താനും തയാറല്ല. അവശ്യം വേണ്ട ശൗചാലയ സംവിധാനങ്ങളും കുടിവെള്ള പദ്ധതികളും നടപ്പാക്കാനാണ് ശ്രമിക്കേണ്ടതെന്നും ഐക്യവേദി ആവശ്യപ്പെട്ടു.
ജില്ലാ ജനറൽ സെക്രട്ടറി കെ.എസ്. സതീഷ്കുമാർ, ട്രഷറാർ രമേശ് മണ്ണൂർ, സഹ സംഘടനാ സെക്രട്ടറി കെ.പി. സുരേഷ് പെരുമ്പെട്ടി എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.